യാത്രക്കിടെ പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയതോടെ ഇയാൾ പിന്മാറി. പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം എത്താറായപ്പോള്‍ രജീഷ് വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ച

കോഴിക്കോട്: സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് എന്ന ബസ്സിലെ ജീവനക്കാരന്‍ കോഴിക്കോട് ചൂലൂര്‍ സ്വദേശി രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 26-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. യാത്രക്കിടെ പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയതോടെ ഇയാൾ പിന്മാറി.

 പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം എത്താറായപ്പോള്‍ രജീഷ് വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതിക്കാരി പറഞ്ഞു. ഇവര്‍ പിന്നീട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കസബ പൊലീസ് അതികം വൈകാതെ പ്രതിയെ പിടികൂടി. ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ രാജേഷ്, രജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.