ഹൈദരാബാദ്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്‌കൂളുകള്‍ തുറക്കാതായതോടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വരുമാന മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. പല അധ്യാപകരും മറ്റ് ജോലികളുമായി ഇറങ്ങുകയാണിപ്പോള്‍. അത്തരത്തിലൊരു അധ്യാപകന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ രാംബാബു മരഗാനി ജീവിക്കാന്‍ ഇപ്പോള്‍ തട്ടുകടയെ ആണ് ആശ്രയിച്ചിരിക്കുന്നത്. രാംബാബുവും ഭാര്യയും തന്നെയാണ് നടത്തിപ്പുകാര്‍. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ രാംബാബു ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരികയായിരുന്നു.

ഇഡ്‌ലി, ദോശ, വട തുടങ്ങിയവയാണ് രാംബാബുവിന്റെ തട്ടുകടയിൽ വില്‍ക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മറ്റുള്ളവരെ ആശ്രയിക്കാതെ അധ്വാനിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനമെടുത്തതെന്ന് രാംബാബു പറയുന്നു.