ദില്ലി: എം ജെ അക്ബര്‍ - പ്രിയാ രമാണി കേസില്‍ ദില്ലി ഹൈക്കോടതിയില്‍ സാക്ഷി പറഞ്ഞ് മുന്‍ നാഷണല്‍ ജ്യോഗഫിക് ട്രാവലെര്‍ എഡിറ്റര്‍ നിലോഫര്‍ വെങ്കട്ട്‍രാമന്‍. പ്രിയാ രമാണിക്ക് എം ജെ അക്ബറില്‍ നിന്ന് നേരിടേണ്ടിവന്നത് വിചിത്രമായ അനുഭവമാണെന്ന് നിലോഫര്‍ കോടതിയില്‍ പറഞ്ഞു. പ്രിയാ രമാണി ഉന്നയിച്ച് മീ ടൂ ആരോപണങ്ങള്‍ക്കെതിരെ എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് നിലോഫര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലിന് മുന്നില്‍ നിലോഹര്‍ മൊഴി നല്‍കിയത്. 

''അക്ബറുമൊത്തുള്ള അഭിമുഖത്തിന് ശേഷം പ്രിയ എന്നെ വിളിച്ചിരുന്നു. അവള്‍ ആകെ അസ്വസ്ഥയായിരുന്നു. താന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല അഭിമുഖം. അതൊരു ഓഫീസ് മുറിയിലോ കോഫി ഷോപ്പിലോ ആയിരുന്നില്ലെന്നും ഒരു ഹോട്ടല്‍ മുറിയിലായിരുന്നുവെന്നും പ്രിയ എന്നോട് പറഞ്ഞു. അയാള്‍ പ്രിയയോട് മുറിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. അവിടെ അവര്‍ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. '' - നിലോഫര്‍ പറഞ്ഞു. 

തീര്‍ത്തും സുഖകരമല്ലാത്ത അനുഭവമാണ് പ്രിയ തന്നോട് പിന്നെ പങ്കുവച്ചതെന്നും നിലോഫര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലോഫര്‍ ആ സംഭവം നടന്ന  സ്ഥലത്ത് പ്രേതമായി ഉണ്ടായിരുന്നോ എന്നാണ് അക്ബറിന്‍റെ അഭിഭാഷക ഗീത ലുത്ര പ്രതികരിച്ചത്. ആ മുറിയില്‍ അദൃശ്യയായി ഉണ്ടായിരുന്നതുപോലെയാണ് അവള്‍ സംസാരിക്കുന്നത്. അവിടെ ഉണ്ടായിരുന്ന വോട്കയുടെ നിറം വരെ അവര്‍ ഉറപ്പായും കണ്ടുകാണും എന്നും അഭിഭാഷക പരിഹസിച്ചു. 

പ്രിയാ രമാണി കോടതിയില്‍ എംജെ അക്ബറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍

ഏഷ്യന്‍ ഏജില്‍ ജോലി തേടിയാണ് ആദ്യം അക്ബറിനെ കണ്ടുമുട്ടുന്നത്. അന്ന് അക്ബര്‍ ഏഷ്യന്‍ ഏജില്‍ എഡിറ്റര്‍ ആയിരുന്നു. 23 വയസായിരുന്നു അന്ന് പ്രിയാരമാണിയുടെ പ്രായം. ഇന്‍റര്‍വ്യൂവിനായി ഒബറോയ് ഹോട്ടലില്‍ എത്താനാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഓഫീസ് മുറിയിലോ കോഫീ ഷോപ്പിലോ വച്ചായിരിക്കും ഇന്‍റര്‍വ്യൂ എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ അക്ബറിന്‍റെ ആവശ്യം നിഷേധിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. 

ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ കിടക്ക ഉറങ്ങാനായി തയ്യാറാക്കി വച്ചിരുന്നു. ഇന്‍റര്‍വ്യൂവില്‍ തന്‍റെ വിദ്യാഭ്യാസത്തെ കുറിച്ചോ ബിരുദത്തെ കുറിച്ചോ മുന്‍പരിചയത്തെ കുറിച്ചോ ഒന്നും ചോദിച്ചില്ല. എന്നാല്‍ ചോദിച്ചതാകട്ടേ, കുടുംബം, വിവാഹിതയാണോ, കാമുകനുണ്ടോ തുടങ്ങിയ കാര്യങ്ങളായിരുന്നു. 

പെട്ടന്ന് അക്ബര്‍ ഹിന്ദി പാട്ടുകള്‍ പാടാന്‍ തുടങ്ങി. തന്‍റെ മുന്നില്‍ വച്ച് അയാള്‍ മദ്യപിച്ചു. തനിക്ക് മദ്യം വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ ആ വാഗ്ദാനം നിരസ്സിച്ചു. കിടക്കയ്ക്ക് തൊട്ടടുത്തുള്ള ചെറിയ സോഫയില്‍ തന്‍റെ തൊട്ടടുത്തായി വന്നിരിക്കാന്‍ അക്ബര്‍ നിര്‍ബന്ധിച്ചുവെന്നും പ്രിയാ രമാണി പറഞ്ഞു. തന്‍റെ ശാരീരിക സുരക്ഷ മുന്‍നിര്‍ത്തി എഴുന്നേറ്റ് തനിക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ താന്‍ വളരെ അടുത്ത സുഹൃത്തായ നിലോഫര്‍ വെങ്കട്ടരാമനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. 

2017 ല്‍ വോഗിന് വേണ്ടിയെഴുതിയ ലേഖനത്തില്‍ അക്ബറിന്‍റെ പേര് പരാമര്‍ശിക്കാതെ പ്രിയാ രമാണി താന്‍ നേരിട്ട ലൈംഗികാതിക്രമം  പറഞ്ഞിരുന്നു. എന്നാല്‍ 2018 ല്‍ ഉയര്‍ന്ന മീ റ്റൂ ക്യാമ്പയില്‍ ആണ് അവര്‍ അക്ബറിന്‍റെ പേര് പരാമര്‍ശിച്ചത്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകന്‍കൂടിയായിരുന്നു. എന്നാല്‍ പിന്നീട് അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിസിനസ് ന്യൂസ് പേപ്പര്‍ മിന്‍റിന്‍റെ സ്ഥാപകയാണ് പ്രിയാ രമാണി. 

എം ജെ അക്ബറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് പ്രിയ രമാണിയും മറ്റ് ചില സ്ത്രീകളും രംഗത്ത് വന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് എം ജെ അക്ബ‍ർ മന്ത്രിസ്ഥാനം രാജി വച്ചത്. ഇതോടെ അക്ബര്‍ പ്രിയാ രമാണിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. പ്രിയ  രമാണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് എം ജെ അക്ബർ കോടതിയിലെത്തിയത്.