ദില്ലി: സോഷ്യല്‍മീഡിയയില്‍ പറന്നു നടക്കുന്ന ഒരു വീഡിയോ കുറച്ചൊന്നുമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയത്. എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാവിന്‍റെ വീഡിയോയാണ് കോണ്‍ഗ്രസിന് തലവേദനയായത്. 

കോണ്‍ഗ്രസ് പാര്‍ട്ടി ദില്ലിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് പ്രാദേശിക നേതാവായ സുരേന്ദര്‍കുമാര്‍ പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്. ദില്ലി കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഭാഷ് ചോപ്ര സമീപത്തുണ്ടായപ്പോഴാണ് അബദ്ധം പിണഞ്ഞത്. "സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്.." എന്നായിരുന്നു സുരേന്ദര്‍ കുമാറിന്‍റെ മുദ്രാവാക്യം. അബദ്ധം സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു.

വീഡിയോ

നേതാവിന്‍റെ അബദ്ധത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി. പ്രിയങ്കാ ചോപ്ര എന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്, രാഹുല്‍ ഗാന്ധിക്ക് പകരം രാഹുല്‍ ബജാജ് എന്നു പറഞ്ഞില്ലല്ലോ..എന്നൊക്കെയിയിരുന്നു പരിഹാസം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.