Asianet News MalayalamAsianet News Malayalam

'കോടതി വിധി ഞെട്ടിച്ചു'; പെഹ്‍ലു ഖാന്‍റെ ഘാതകരെ വിട്ടയച്ചതിനെതിരെ പ്രിയങ്ക ഗാന്ധി

2017  ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്‌ലു ഖാൻ എന്ന അമ്പത്തഞ്ചു വയസുകാരനെ ക്രൂരമർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. നിഷ്‌ഠൂരമായ കൊലപാതകം നടന്നിട്ട് രണ്ടു രണ്ടര വർഷം കഴിഞ്ഞ്  2019  ഓഗസ്റ്റ് 14നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്

priyanka gandhi against court order in pehlu khan murder case
Author
Delhi, First Published Aug 16, 2019, 1:47 PM IST

ദില്ലി: പശുമോഷണം ആരോപിച്ച് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി പെഹ്ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് കീഴ്കോടതി വിധിക്കെതിരെ പ്രിയങ്ക രംഗത്ത് വന്നത്.

കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ല. ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവും നീചകുറ്റകൃത്യമാണെന്നും പ്രിയങ്ക കുറിച്ചു. 2017  ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്‌ലു ഖാൻ എന്ന അമ്പത്തഞ്ചു വയസുകാരനെ ക്രൂരമർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.

നിഷ്‌ഠൂരമായ കൊലപാതകം നടന്നിട്ട് രണ്ടു രണ്ടര വർഷം കഴിഞ്ഞ്  2019  ഓഗസ്റ്റ് 14നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്‌ലു ഖാനും അനുയായികളും ചേർന്ന് 75,000  രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

പശുക്കളെ വണ്ടിയിൽ കയറ്റി  NH-8 വഴി ഹരിയാനയിലെ നൂഹ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു അവർ. ബഹ്റോഡ് പൊലീസിന്റെ എഫ്‌ഐആർ പ്രകാരം അൽവാർ ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗി ദളിന്റെയും പ്രവർത്തകർ ചേർന്ന് ഇവരെ  തടഞ്ഞു.

അക്രമിസംഘം പെഹ്‌ലുഖാൻ  നിയമ വിരുദ്ധമായി പശുക്കടത്തു നടത്തുകയാണ് എന്നാരോപിച്ച് സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും പൊതിരെ തല്ലി. വൈകുന്നേരം ആറുമണിയോടെയാണ് വാഹനം അക്രമികൾ തടയുന്നത്. പെഹ്‌ലു ഖാൻ തികച്ചും നിയമവിധേയമായ മാർഗ്ഗത്തിലാണ് പശുക്കളെ വാങ്ങിയത്. അവ കറവയുള്ള പശുക്കളും ആയിരുന്നു.

വണ്ടി തടഞ്ഞ അക്രമികൾ ആദ്യം തന്നെ എല്ലാവരുടെയും പേരാണ് ചോദിച്ചത്. എന്നിട്ട് വാഹനം ഓടിച്ചിരുന്ന അർജുൻ എന്ന യുവാവിനെ ഉപദ്രവിക്കാതെ വെറുതെ വിടുകയും ചെയ്തു. തുടർന്നാണ് അവർ ബാക്കിയുണ്ടായിരുന്ന പെഹ്‌ലു ഖാൻ അടക്കമുള്ളവരെ നിർദ്ദയം തല്ലിച്ചതച്ചത്.

Follow Us:
Download App:
  • android
  • ios