ദില്ലി: അയോധ്യ കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സമാധാനത്തിന് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും തത്ത്വചിന്തകളും ആളുകൾ നിലനിർത്തണമെന്ന് പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു.

'ഇത് മഹാത്മാ ഗാന്ധിയുടെ മണ്ണാണ്. സമാധാനത്തിന്റെയും അഹിംസയുടെയും തത്ത്വങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ്'- പ്രിയങ്ക ട്വീറ്റ് ചെയ്തു.

അയോധ്യ കേസിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാൻ പോകുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ സമയത്ത്, സുപ്രീംകോടതി നൽകുന്ന ഏത് വിധിയും എല്ലാവരും അംഗീകരിക്കണം. ഐക്യത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും പാരമ്പര്യത്തെ നാം ഉയർത്തിപ്പിടിക്കണമെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ കുറിച്ചു.

രാജ്യത്തെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്നും രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ, കർണാടക, ദില്ലി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഉത്തർപ്രദേശിലെ സ്കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് അവധി നൽകിയിരിക്കുന്നത്. ദില്ലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.