ലഖ്നൗ: കഴിഞ്ഞ ദിവസം സമരത്തിന്‍റെ ഭാഗമായി പ്രിയങ്ക നടത്തിയത് നാടകമെന്ന്  ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. പൊലീസ് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞത് പ്രിയങ്കയുടെ നാടകമാണെന്നും വോട്ട് നേടാന്‍ അത് മതിയാകില്ലെന്നും മന്ത്രി പറഞ്ഞു. ഹൈ വോള്‍ട്ടേജ് നാടകത്തിനാണ് ശനിയാഴ്ച മീററ്റ് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസിനെ ലഹള പാര്‍ട്ടി എന്നും മന്ത്രി വിശേഷിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷവും വികസനവും കോണ്‍ഗ്രസിന് സഹിക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു. 

ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ മാതൃകയാണ്. യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശ്. കോണ്‍ഗ്രസിന്‍റെയും സമാജ്‍വാദി പാര്‍ട്ടിയുടെ ഇരുണ്ട കാലമാണ് ഇപ്പോഴെന്നും മന്ത്രി പറഞ്ഞു. ഫോട്ടോയെടുക്കുന്നതിലാണ് കോണ്‍ഗ്രസുകാര്‍ക്ക് താല്‍പര്യമെന്ന് എല്ലാവര്‍ക്കുമറിയാം. പൊതുജനത്തിനിടയില്‍ കോണ്‍ഗ്രസിന് വില്ലന്‍ പരിവേഷമാണെന്നും അദ്ദേഹം ആരോപിച്ചു. 
ശനിയാഴ്ചയാണ് മീററ്റില്‍ പൊലീസ് നടപടിയില്‍ പരിക്കേറ്റ എസ് ആര്‍ ദാരാപുരിയെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക പുറപ്പെട്ടത്. എന്നാല്‍, വഴിയില്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞു.

വാഹനത്തില്‍ നിന്നിറങ്ങിയ പ്രിയങ്ക, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ബൈക്കിലും കാല്‍നടയായും പോയാണ് ദാരാപുരിയെ കണ്ടത്. യുപി പൊലീസ് തന്നെ കഴുത്തില്‍ പിടിച്ച് മര്‍ദ്ദിച്ചെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു.