ലഖ്നൗ: ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ബിജെപി നേതാക്കൾ വിവാദപരമായ പ്രസ്താവനകൾ നടത്തുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

"ബിജെപി സർക്കാരിന്റെ നേതാക്കൾ വിവാദപരമായ പ്രസംഗങ്ങൾ നടത്തുമ്പോൾ, ഇത്തരം സംഭവങ്ങൾ നടക്കും. താൻ കാണാൻ ആഗ്രഹിക്കുന്ന ദില്ലി ഇതാണോ എന്ന് പ്രധാനമന്ത്രി ഉത്തരം നൽകണം.  ഇത്തരം അക്രമങ്ങൾക്ക് അദ്ദേഹം അനുകൂലമാണോ അതോ എതിരാണോ? വികസനത്തിനൊപ്പമാണോ അതോ അരാജകത്വത്തിന് ഒപ്പമാണോ?"-പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വകലാശായിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പ് നടന്നത്. സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിദ്യാർത്ഥിയെ ദില്ലി എംയിസിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്.

 പൊലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു വരുന്നതിനിടെ എതിര്‍ദിശയിലൂടെ തോക്കുമായി നടന്നു വന്ന യുവാവ്, ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. അതേസമയം, വെടിയുതിര്‍ത്തത് 17 വയസ് മാത്രമുള്ള പ്ലസ് വൺ വിദ്യാര്‍ത്ഥിയാണെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Read Also: ജാമിയ മിലിയയില്‍ വെടി വച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി