പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി പദ്ധതിയെ 'കിസാൻ അപമാൻ യോജന' എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ പദ്ധതികളെല്ലാം വ്യവസായികൾക്ക് നേട്ടമുണ്ടാക്കുന്നതാണെങ്കിൽ അവർ സന്തുഷ്ടരായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു
റായ്ബറേലി: ബിജെപിക്കെതിരെ വിമർശനമുന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ കർഷകർക്കും യുവാക്കൾക്കുമെതിരായ നിഷേധാത്മകമായ നിലപാടെടുക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
''കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ബിജെപി തങ്ങളുടെ യഥാർഥ മുഖം എന്താണെന്ന് കാണിച്ചു കഴിഞ്ഞു. രാജ്യത്തെ കർഷകർക്കും യുവാക്കൾക്കുമെതിരെ നിഷേധാത്മകമായ നിലപാടെടുക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേത്. രാജ്യത്തെ ജനങ്ങളോട് പ്രതിബദ്ധത പുലർത്തേണ്ടതാണ് ഓരോ സർക്കാരുകളും. എന്നാൽ ഈ സർക്കാർ ജനങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്''- പ്രിയങ്ക ഗാന്ധി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കോൺഗ്രസിന്റെ മിനിമം വരുമാന പദ്ധതിക്കെതിരെയുള്ള ബിജെപിയുടെ ആരോപണങ്ങൾക്കെതിരെയും പ്രിയങ്ക പ്രതികരിച്ചു. പാവപ്പെട്ടവർക്കും കർഷകർക്കും ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ചെയ്യുന്നതിനെതിരാണ് ഭരണകക്ഷിയെന്ന് പ്രിയങ്ക പറഞ്ഞു.
ഈ പദ്ധതികൊണ്ട് വ്യവസായികൾക്ക് നേട്ടമുണ്ടാകണമെന്നാണ് ബിജെപിയുടെ ആവശ്യം. പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി പദ്ധതിയെ 'കിസാൻ അപമാൻ യോജന' എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ പദ്ധതികളെല്ലാം വ്യവസായികൾക്ക് നേട്ടമുണ്ടാക്കുന്നതാണെങ്കിൽ അവർ സന്തുഷ്ടരായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
