ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3.64 കോടി പേര്‍ക്ക് തൊഴിലില്ലാതായെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരെ പ്രിയങ്ക രം​ഗത്തെത്തിയത്. ഇക്കാരണം കൊണ്ടാണ് സർക്കാർ തൊഴിലിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

"സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന വലിയ വാഗ്ദാനങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്. രാജ്യത്തെ ഏഴ് പ്രധാന മേഖലകളിൽ മൂന്നര കോടി ആളുകൾ തൊഴിലില്ലാത്തവരായി. 3 കോടി 64 ലക്ഷം തൊഴിലില്ലാത്തവരാണ് വലിയ പേരുകളുടെയും പരസ്യങ്ങളുടെയും ഫലം. അതുകൊണ്ടാണ് ജോലികളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നത്, ”പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മികച്ച ഏഴ് മേഖലകളിൽ 3.64 കോടി ആളുകൾ തൊഴിൽ രഹിതരായിത്തീർന്നുവെന്ന മാധ്യമ റിപ്പോർട്ട് പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. നേരത്തെ റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധിയും തൊഴിലില്ലായ്മയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുവാക്കള്‍ക്ക് സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാന്‍ തൊഴിലില്ലാതെ സാധ്യമല്ല. ആ സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനം എങ്ങനെയാണ് ശക്തമാവുകയെന്നും രാഹുല്‍ ചോദിച്ചിരുന്നു.