ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും. ഇന്നലെ ഓൾഡ് ഡൽഹിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി മകള്‍ മിറായക്കൊപ്പമെത്തിയത്. ഇന്നലെ രാത്രി ഏഴുമണിയോടെ നടന്ന ധര്‍ണയിലാണ് ഇരുവരും പങ്കെടുത്തത്. 

പൗരത്വം തെളിയിക്കാൻ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങൾക്കു മുന്നിൽ വരി നിൽക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാടെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഈ നിയമം സാധാരണക്കാരെയാവും കൂടുതലായും ബാധിക്കുകയെന്നും നോട്ട് നിരോധനത്തിന് ശേഷം ജനത്തെ വരിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നിയമമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയും പ്രിയങ്ക ഇന്ത്യ ഗേറ്റിൽ ധർണ നടത്തിയിരുന്നു. നിരവധിയാളുകളാണ് അന്ന് പ്രിയങ്കയ്ക്കൊപ്പം പ്രതിഷേധനങ്ങളില്‍ ഭാഗമായത്. 

അതേസമയം ദില്ലി ജമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പൊലീസ്  കസ്റ്റഡിയിൽ എടുത്തു.  പുലർച്ചെ 3.30 ഓടെയാണ്  ചന്ദ്രശേഖറിനെ കസ്റ്റഡിയിലെടുത്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു ജമാ മസ്ജിദിലെ വന്‍ പ്രതിഷേധം നടന്നത്.