വാരാണസി: വാരാണസിയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രവിദാസ് ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രിയങ്ക വരാണസിയില്‍ എത്തിയത്. രവിദാസ് ക്ഷേത്രത്തിലെത്തിയ പ്രിയങ്ക, സന്യാസി നിരഞ്ജന്‍ മഹരാജുമായി കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തിലെത്തിയ പ്രിയങ്ക ഭക്തരോടൊപ്പം ഭക്ഷണവും കഴിച്ചു. സന്ത് രവിദാസ് ആരംഭിച്ച ധര്‍മ്മമാണ് യഥാര്‍ത്ഥ മതമെന്നും യഥാര്‍ത്ഥ മതം എപ്പോഴും ലളിതമായിരിക്കുമെന്നും മാനവികത മാത്രമാണ് ഉണ്ടായിരിക്കുകയെന്നും പ്രിയങ്ക ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ പ്രബലമായ വിഭാഗമാണ് രവിദാസിനെ പിന്തുടരുന്നവര്‍. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയാണ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ ചുമതല. കഴിഞ്ഞ മാസം രണ്ടുതവണ പ്രിയങ്ക പ്രഗ്യാരാജ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ സന്ദര്‍ശനത്തില്‍ അവര്‍ നിഷാദ് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിഷാദ് സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി. കര്‍ഷകര്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തിലും പ്രിയങ്ക പങ്കെടുത്തിരുന്നു.