ദില്ലി: കര്‍ണാടക വിഷയത്തില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 14 മാസം ആയുസുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് അവിശ്വാസത്തിലൂടെ പുറത്താക്കിയതിന് ശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 'എന്തും പണം കൊടുത്ത് വാങ്ങാന്‍ കിട്ടുമെന്നും എല്ലാവരെയും അധിക്ഷേപിക്കാന്‍ എക്കാലവും സാധിക്കുമെന്നും ധരിക്കരുത്. ഒരിക്കല്‍ നിങ്ങള്‍ക്കത് മനസ്സിലാകും. എല്ലാ നുണകളും ഒരിക്കല്‍ പുറത്താകും'. പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.  

ദശാബ്ദങ്ങളോളം ത്യാഗങ്ങള്‍ സഹിച്ച് നാം കെട്ടിപ്പൊക്കിയ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നതിലും ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിലും അഴിമതിയിലും സഹികെട്ട പൗരന്മാര്‍  ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തുന്നതുവരെ മാത്രമേ അവരുടെ ആധിപത്യമുണ്ടാകുവെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.  
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ ബിജെപി അവിശ്വാസത്തിലൂടെ താഴെയിറക്കിയത്.

99 വോട്ടിനെതിരെ 105 വോട്ടിനാണ് സര്‍ക്കാര്‍ വീണത്.   കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ പണം നല്‍കിയാണ് ബിജെപി സര്‍ക്കാറിനെ മറിച്ചതെന്ന് കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ജനാധിപത്യ വിരുദ്ധമായി രാജ്യം കണ്ട ഏറ്റവും വലിയ കുതിരക്കച്ചവടമാണ് കര്‍ണാടകയില്‍ നടന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം.