ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അമൂല്യ ലിയോണയുടെ ചിക്കമംഗലൂരിവിലെ ശിവപുരയിലെ വീടിന് നേരെ ആക്രമണം. വലതുപക്ഷ സംഘടനകളാണ് അമൂല്യയുടെ വീടിന് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ നാശനഷ്ടങ്ങളുണ്ടായി. കല്ലെറിഞ്ഞ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് കൊപ്പ പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം അമൂല്യയുടെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. ലിയോണയുടെ വീട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

മകളുടെ പ്രവൃത്തിയില്‍ രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് അമൂല്യയുടെ അച്ഛന്‍ ഒസ്‍വ്ലാദ് നരോഹ്ന മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് നിയമസഹായം ലഭ്യമാക്കില്ല. തെറ്റ് ചെയ്ത മകള്‍ കുറച്ച് ദിവസം ശിക്ഷ അനുഭവിച്ച് രാജ്യത്തെ നിയമം മനസ്സിലാക്കട്ടെയെന്നും പിതാവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും അമൂല്യക്ക് നക്സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അമൂല്യയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന സമരത്തിലാണ് സംഭവമുണ്ടായത്. എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു. മൂന്നുവട്ടം 

'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണ, 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യവും മുഴക്കി. പിന്നീട് വിശദീകരിക്കാന്‍ നിന്നെങ്കിലും മൈക്ക് ബലമായി പിടിച്ചുവാങ്ങി.  പെണ്‍കുട്ടിയെ ഒവൈസി അടക്കമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്ന് തടയുകയും കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു.