ഒഡീഷയിലെ ബാലാസോറിലാണ് കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ച് ഒറാങ് ഊട്ടാൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജിതം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.
ഭുവനേശ്വർ: ഒഡീഷയിലെ ബാലാസോറിൽ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒറാങ് ഊട്ടാനുകളെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അഞ്ച് ഒറാങ് ഊട്ടാൻ കുഞ്ഞുങ്ങളെ കൊൽക്കത്തയിലെത്തിച്ച് ഒഡീഷയിലേക്ക് കടത്തിയതാണെന്നാണ് സംശയം. കടൽ വഴിയുള്ള കടത്തും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലെയും പ്രധാന സ്ഥലങ്ങളിലെയും സിസിടിവികൾ അന്വേഷണ സംഘം വ്യാപകമായി പരിശോധിച്ചു.
ഒരു വയസ് പ്രായമുള്ള ഒറാങ് ഊട്ടാനെയും ആറുമാസത്തോളം പ്രായമുള്ള നാല് ഒറാങ് ഊട്ടാനുകളെയുമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ബാലാസോറിലെ ബിചിത്രപൂർ ബഡാപഹി വനമേഖലയിലെ പൈൻമരക്കാടുകളിൽ നിന്നാണ് ഒറാങ് ഊട്ടാനുകളെ കണ്ടെത്തിയത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയ മഹീന്ദ്ര ഥാർ എസ്‍യുവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 46 ഓളം സിസിടിവി ക്യാമറകൾ എസ്ടിഎഫ് പരിശോധനയ്ക്ക് വിധേയമാക്കി.
ഇന്ത്യയിൽ കാണപ്പെടാത്ത ഒറാങ് ഊട്ടാനുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഉഷ്ണമേഖലാ മഴക്കാടുകളാണ്. മുമ്പ് നടന്ന സമാന കേസുകളും എസ്ടിഎഫ് പരിശോധിക്കുന്നുണ്ട്. നിലവിൽ അഞ്ച് ഒറാങ് ഊട്ടാനുകളെയും ഭുവനേശ്വറിലെ നന്ദൻകാനൻ മൃഗശാലയിലേക്ക് മാറ്റി പരിചരിച്ചുവരികയാണ്.
ഒറാങ് ഊട്ടാനുകൾക്ക് ആപ്പിളും മറ്റും നൽകി, പാട്ടുകൾ വെച്ച് സമ്മർദ രഹിത സാഹചര്യം മൃഗശാല അധികൃതർ ഒരുക്കുന്നുണ്ട്. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നിർദേശപ്രകാരമാണ് നടപടി. ആവശ്യമായ വൈദ്യചികിത്സയും സുരക്ഷയും വന്യജീവി സംരക്ഷണ നിയമങ്ങൾക്കനുസൃതമായ പരിചരണവും ഉറപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, ഒഡീഷയെ വന്യമൃഗ കടത്തിനുള്ള പാതയാക്കി മാറ്റാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.


