ഇപ്പോൾ കൊവിഡ് ചികിത്സയിൽ കഴിയുന്ന ഹാനി ബാബുവിന്‍റെ കണ്ണുകളെ ബാധിച്ച രോഗത്തിന് അടിയന്തരമായി വിദഗ്ധ ചികിത്സ നൽകണമെന്ന ആവശ്യം ബോബെ ഹൈക്കോടതി അംഗീകരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു. 

മുംബൈ: ഭീമാ കോറൊഗാവ് കേസിൽ ജയിലിൽ കഴിയുന്ന മലയാളി സാമൂഹികപ്രവ‍ർത്തകനും ദില്ലി സർവകലാശാലാ അധ്യാപകനുമായ ഹാനി ബാബുവിന് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രിയിൽ ഇപ്പോൾ കൊവിഡ് ചികിത്സയിൽ കഴിയുന്ന ഹാനി ബാബുവിന്‍റെ കണ്ണുകളെ ബാധിച്ച രോഗത്തിന് അടിയന്തരമായി വിദഗ്ധ ചികിത്സ നൽകണമെന്ന ആവശ്യം ബോബെ ഹൈക്കോടതി അംഗീകരിച്ചു. അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു. കൊവിഡ് ബാധിതർക്ക് വരുന്ന ഗുരുതരമായ രോഗമാണ് ബ്ലാക് ഫംഗസ്. 

ഹാനി ബാബുവിന് ചികിത്സ നിഷേധിക്കുന്നതായി നേരത്തേ അദ്ദേഹത്തിന്‍റെ ഭാര്യയും അധ്യാപികയുമായ പ്രൊഫ. ജെന്നി റൊവീന പറഞ്ഞിരുന്നു. ഇടതുകണ്ണിന്‍റെ കാഴ്ച നഷ്ടമായതുപോലെയുള്ള അവസ്ഥയാണെന്നും, കണ്ണിൽ അണുബാധയുള്ള ഹാനിബാബുവിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും പ്രൊഫ. ജെന്നി റൊവീന ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ വർഷം ജൂലായ് മുതൽ വിചാരണ തടവുകാരനായി മുംബൈയിലെ തലോജാ ജയിലിൽ കഴിയുകയാണ് ഹാനി ബാബു. മേയ് മൂന്നു മുതൽ ഇടത് കണ്ണിന് തീവ്ര അണുബാധയുണ്ടെന്നാണ് കുടുംബം പറയുന്നത്. അതിയായ വേദന മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല. ജയിലിലെ ജലക്ഷാമം കാരണം കണ്ണ് വൃത്തിയാക്കാൻ കഴിയുന്നില്ലെന്നും കുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഒരു പ്രാവശ്യം ഡോക്ടറെ കാണിച്ച ശേഷം തുടർചികിത്സയില്ല. ഒപ്പം പോകാൻ ഉദ്യോഗസ്ഥർ ഇല്ലെന്ന കാരണം പറഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകാത്തത്. കണ്ണിന്റെ കാഴ്ച മങ്ങിയ നിലയിലാണെന്നും ഹാനി ബാബുവിന്റെ ഭാര്യയും ദില്ലി മിറാൻഡ കോളെജ് അദ്ധ്യാപികയുമായ ഭാര്യ ജെനി റൊവീനയും സഹോദരൻമാരും പറഞ്ഞിരുന്നു. 

അതേസമയം, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഫാദർ സ്റ്റാൻ സ്വാമിയെ വിദഗ്ധ പരിശോധനയ്ക്ക് വീണ്ടും ആശുപത്രിയിലേക്ക് മാറ്റാൻ ബോബെ ഹൈക്കോടതി ഉത്തരവിട്ടു. ആദ്യം കോടതി നി‍ർദേശിച്ചതിനനുസരിച്ച്, ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വാമിയെ മണിക്കൂറുകൾക്കുള്ളിൽ അധികൃതർ ജയിലേക്ക് തിരിച്ച് കൊണ്ടുപോയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്. 84 വയസ്സുള്ള ഫാദർ സ്റ്റാൻസ്വാമിയെ പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona