ബംഗളൂരു: കർണാടകത്തിലാകെ  ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘർഷമുണ്ടാവാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. 

കോൺഗ്രസും ഇടതുപാർട്ടികളും വിവിധ സംഘടനകളും നാളെ മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങൾ തുടരുകയാണ്. ബെംഗളൂരുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മയ് പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർത്ഥി പ്രതിഷേധം തമിഴ്നാട്ടിൽ വ്യാപകമാകുകയാണ്. മദ്രാസ് സർവ്വകലാശാലയ്ക്ക് പുറമെ ചെന്നൈയിൽ മറ്റ് കോളേജുകളിലും  അനിശ്ചിതകാല സമരം തുടങ്ങി. മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ  പൊലീസ് തടഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികളെ  അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി.

Read Also: മദ്രാസ് സര്‍വ്വകലാശാലയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി കമല്‍ഹാസന്‍; ക്യാമ്പസില്‍ കയറ്റില്ലെന്ന് പൊലീസ്