മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരത്തിൽ ഐസ നേതാവിന് രാഹുൽ ഗാന്ധി പ്രാധാന്യം നൽകിയതിൽ കോൺഗ്രസിലും ഇന്ത്യാ സഖ്യത്തിലും അതൃപ്തി.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ ഐസ (AISA) "പ്രമോഷനിൽ" കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലും അതൃപ്‌തിയെന്ന് റിപ്പോർട്ട്. ഐസ നേതാവ് നേഹ ബോറക്ക് ഇന്ത്യാസഖ്യം വാർത്താസമ്മേളനത്തിലടക്കം പ്രാധാന്യം നൽകിയ രാഹുൽഗാന്ധിയുടെ നടപടിയിലാണ് നേതാക്കൾക്ക് അതൃപ്‌തി. സമര രംഗത്തുള്ള യൂത്ത് കോൺഗ്രസ്, എൻഎസ്‍യു നേതാക്കളെ അവഗണിച്ചുവെന്നാണ് പരാതി.

എൻഎസ്‍യു നേതാക്കളുമായി പിന്നീട് രാഹുൽ വാർത്താസമ്മേളനത്തിനെത്തിയതും പരിഭവം തീർക്കുന്നതിൻ്റെ ഭാ​ഗമായിരുന്നു. സുപ്രീംകോടതിയിലേക്ക് ഇപ്പോൾ പോകേണ്ടിയിരുന്നില്ലെന്നും രാഹുൽ ഗാന്ധിക്കെതിരായ കോടതി പരാമർശം തിരിച്ചടിയാകുമെന്നും നേതാക്കൾ പറയുന്നു. നിയമപോരാട്ടത്തിലേക്ക് നീങ്ങിയത് രാഹുലിൻ്റെ സമ്മർദ്ദ പ്രകാരമെന്നുമാണ് നേതാക്കളുടെ പ്രതികരണം. അതേസമയം, ഇന്ന് സിജെപിയുടെ തിരം​ഗ മാർച്ച് നടക്കും. 11പേർക്ക് മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള അവസരം.

തിരംഗ മാർച്ചിൻ്റെ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ സാഹചര്യം വിലയിരുത്തി. 24 മണിക്കൂർ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെയാണ് ദില്ലി പൊലീസ് തയ്യാറാക്കുന്നത്. ദില്ലി അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ നിയോഗിക്കും. അതേസമയം, കൊണാട്ട് പ്ലേസിൽ പൊലീസ് സുരക്ഷ കൂട്ടി. സിജെപി പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. തിരം​ഗ യാത്ര നിയമവിരുദ്ധമായ ഒത്തുചേരലല്ലെന്ന് ദില്ലി ഡിസിപിയും പിആർഒയുമായ നേഹ യാദവ് പ്രതികരിച്ചു. ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം കൊണാട്ട് പ്ലേസും അനുബന്ധപ്രദേശങ്ങളിലും ന്യായമായ ഒത്തുചേരൽ അനുവദിക്കാൻ ആകില്ലെന്നും ഡിസിപി പ്രതികരിച്ചു. അതേസമയം, പ്രതിഷേധക്കാർക്കെതിരെയുള്ള ദില്ലി പൊലീസ് നടപടികൾക്ക് എതിരായ ഹർജി ഇനി നവംബർ മൂന്നിന് മാത്രമായിരിക്കും പ​രി​ഗണിക്കുക. ജന്തർ മന്തർ സമരവേദി അല്ലാതാക്കിയ ഉത്തരവിനെതിരായ ഹർജികളും നവംബർ മൂന്നിന് മാത്രമായിരിക്കും. ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി അടക്കം നൽകിയ ഹർജികൾ 27ന് പരി​ഗണിക്കും. രാഹുൽ ഗാന്ധിക്ക് എതിരായി കോടതി വളപ്പിലെ ബഹളത്തിന് നൽകിയ ഹർജികളും ഇനി നവംബർ മൂന്നിനായിരിക്കും പരിഗണിക്കുക.

സിജെപി പ്രതിഷേധത്തിന് 11 പേരെ അനുവദിക്കാമെന്നാണ് ദില്ലി പൊലീസ് അറിയിച്ചത്. 11 നേതാക്കളുടെ പേര് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊണാട്ട്പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ അനുവാദം നൽകും. സെൻട്രൽ പാർക്കിന് ചുറ്റും 6000 പൊലീസുകാരെ വിന്യസിക്കും. പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കുചേരരുതെന്നും ദില്ലി പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് കുറച്ചു പേരെ പ്രതിഷേധിക്കാൻ അനുവദിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

YouTube video player