ല്ലി: ആര്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെ യോഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം. ഭേദഗതിയെ പിന്തുണച്ച് നടത്തിയ യോഗത്തിനിടെയാണ് ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതിഷേധത്തെ തുടര്‍ന്ന യോഗം അലങ്കോലപ്പെട്ടു. ദില്ലിയില്‍ നടന്ന യോഗത്തില്‍ നിന്ന ആര്‍എസ്എസ് നേതാക്കളെല്ലാം ഇറങ്ങിപ്പോയി.  ആര്‍എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു പൊടുന്നനെ പ്രതിഷേധവുമായി എത്തിയത്. 

പൗരത്വ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധം. ബീഫ് നിരോധന വിഷയത്തിലടക്കം ആര്‍എസ്എസിന് പിന്തുണയുമായി എത്തിയ സംഘടനയാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്. ആര്‍എസ്എസ് നിലപാടുകള്‍ക്കൊപ്പമായിരുന്നു മഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍.