ദില്ലി: പോക്സോ കേസ് പ്രതിയോട് ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചോദ്യത്തിൽ വ്യാപകമായ പ്രതിഷേധം. വിവാദ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധിപേർ പ്രതിഷേധം അറിയിച്ചു.

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനോട് പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിച്ചത്. വിവാഹത്തിന് തയ്യാറാണെങ്കിൽ സഹായിക്കാമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു.

ഈ ചോദ്യമാണ് ഇപ്പോൾ വലിയ പ്രതിഷേധങ്ങക്ക് കാരണമായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് പ്രസ്താവന പിൻവിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കത്തയച്ചു. പ്രസ്താവന അപകടകരമാണെന്നും ഭാവിയിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതികളെ സംരക്ഷിക്കാൻ ഈ പരാമർശങ്ങൾ ഉപയോഗിക്കപ്പെടുമെന്നും ബൃന്ദ കാരാട്ട് കത്തിൽ ചൂണ്ടിക്കാട്ടി.

ബലാത്സംഗ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ആക്രമിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്താൽ മതി എന്നത് തികച്ചും പിന്തിരിപ്പനായ ചിന്താഗതിയാണ്. പ്രതിക്ക് അനുവദിച്ച ഇടക്കാല ജാമ്യം പിൻവലിക്കണമെന്നും ബൃന്ദ കാരാട്ട് കത്തിൽ ആവശ്യപ്പെട്ടു.

സിപിഐഎംഎൽ നേതാവ് കവിത കൃഷ്ണൻ, അഭിനേത്രി തപ്സി പന്നു, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങി നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ ചീഫ് ജസ്റ്റിസിൻറെ പരാമർശത്തിൽ പ്രതിഷേധമറിയിച്ചു. ഇന്നലെ മറ്റൊരു കേസിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എത്ര ക്രൂരമായാലും അതിനെ ബലാത്സംഗം എന്ന് വിളിക്കാൻ കഴിയുമോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

ഇതിനെതിരെയും ബൃന്ദ കാരാട്ട് കത്തിലൂടെ വിമർശനം അറിയിച്ചു. ഏത് തരം കയ്യേറ്റവും കുറ്റകരമാണെന്നും അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കണ്ട പരമോന്നത നീതിപീഠം കുറ്റകാർക്കൊപ്പം നിൽക്കരുതെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.