ദിസ്‌പൂര്‍: ലോക്സഭ പാസാക്കിയ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം. അസമിൽ പന്ത്രണ്ടു മണിക്കൂർ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബില്ലിനെതിരെ എൻഇഎസ്ഒ ( നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ, എഎഎസ്‍യു (ആൾ ആസാം സ്റ്റുഡന്‍റസ് യൂണിയൻ) എന്നീ വിദ്യാർത്ഥി സംഘടനകളാണ് അസമിൽ ബന്ദിന് ആഹ്വാനം ചെയ്തത്. അസമിലെ ദിബ്രുഗഢിൽ വിഘടനവാദി സംഘടനയായ ഉൾഫയും പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പതാക ഉയർത്തിയെന്ന റിപ്പോർട്ടുണ്ട്.

ഇന്നലെ നൂറുകണക്കിനാളുകൾ മെഴുകുതിരി കത്തിച്ച് ഗുവാഹത്തിയിൽ പ്രകടനം നടത്തി. സർക്കാർ സ്ഥാപനങ്ങളിലേക്കും മന്ത്രിമാരുടെ വസതികളിലേക്കും പ്രതിഷേധ മാർച്ചുകളും നടക്കുകയാണ്. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറാണ് ബന്ദ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും പരക്കെ അക്രമങ്ങൾ തുടങ്ങിയതായാണ് വിവരം. അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും പ്രതിഷേധം നടന്നു. 

അസം ജാതിയബാദി യുവ ഛാത്ര പരിഷത്ത്  ജനറൽ സെക്രട്ടറി പലാഷ് ചങ്മായിയെ സെക്രട്ടേറിയറ്റിലേക്ക് കറുത്ത കൊടിയുമായി പ്രതിഷേധം നയിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾ അസം സ്റ്റുഡന്‍റസ് അസോസിയേഷൻ പ്രവർത്തകർ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തി. പൗരത്വബില്ലിന്‍റെ പകർപ്പ് കീറിയെറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അവകാശം കവരില്ല എന്ന അമിത്ഷായുടെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചിട്ടില്ല. മണിപ്പൂരിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബില്ല് പശ്ചിമബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കി കഴിഞ്ഞു. രാജ്യസഭയിൽ ബില്ല് നാളെ വരാനിരിക്കെ ഇടതുപക്ഷം പാർ‍ലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു. കോടതിയെ സമീപിക്കുമെന്ന് പല പ്രതിപക്ഷ പാർട്ടികളും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

ബില്ലിൻമേൽ ഭിന്നത, രാജ്യസഭ കടക്കുമോ?

ലോക്സഭയിൽ പിന്തുണച്ച ശിവസേന ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന സൂചന നൽകി. വ്യത്യസ്ത നിലപാട് പരിഗണനയിലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ബില്ലിനെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്തുണച്ചതിനെ എതിർത്ത് പാർട്ടി ഉപാദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ രംഗത്ത് വന്നു. അസം ഗണപരിഷത്തിലും ഭിന്നത ദൃശ്യമാണ്. ലോക്സഭയിൽ എജിപി ബില്ലിനെ പിന്തുണച്ചെങ്കിലും രാജ്യസഭയിലെ എജിപി എംപി ബീരേന്ദ്ര പ്രസാദ് ബൈശ്യ എതിർക്കുമെന്ന് പ്രഖ്യാപിച്ചു.

ബില്ല് ഭരണഘടനാതത്വങ്ങൾക്ക് വിരുദ്ധമെന്നാണ് നിരവധി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടന ഉറപ്പാക്കുന്ന സമത്വത്തിന് ബില്ല് എതിരെന്ന് പ്രമുഖ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. നാളെ രാജ്യസഭ പാസാക്കിയാലും ബില്ലിൽ അവസാന വാക്ക് സുപ്രീംകോടതിയുടേതാവും. 


ബിൽ രാജ്യസഭയിൽ കൂടി പാസായാൽ 2014 ഡിസംബർ 31-ന് മുമ്പ്  പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, ബുദ്ധിസ്റ്റ്, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജെയ്ൻ വിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. 

മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി ഇങ്ങനെ:

ഷില്ലോങ്ങ് : മേഘാലയിൽ അങ്ങിങ്ങായ ഒറ്റപ്പെട്ട ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഷില്ലോങ്ങ് നഗരത്തിൽ പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു, ജീപ്പിന് തീ വച്ചു. ക്രമസമാധാനപാലനത്തിനായി സംസ്ഥാന പൊലീസിനെയും സിആർപിഎഫിനെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.  സ്കൂളുകളും, വ്യാപാരസ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.

റോഡുകളിൽ വാഹനങ്ങൾ കാണാനേ ഇല്ല.  

 

ത്രിപുര

അഗർത്തല: ത്രിപുരയിലും പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. പല ജില്ലകളിലും ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. നാലായിരത്തോളം പേർക്ക് ആക്രമ സംഭവങ്ങളിൽ പരിക്കേറ്റതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ധലായ് ജില്ലയിൽ പുലർച്ചെ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൻചൻപൂരിലും ആക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 

ആക്രമത്തിൽ പരിക്കേറ്റ യുവാവ്, ദി നോർത്ത് ഈസ്റ്റ് ഡെയ്‍ലി പ്രസിദ്ധീകരിച്ച ചിത്രം

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ത്രിപുര ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റി വച്ചു. ത്രിപുര സർവകലാശാലയും മഹാരാജ ബീർ ബിക്രം സർവകലാശാലയും പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. 

ഖൊവായ് ജില്ലയിലെ 15 അധ്യാപകർക്ക് ബന്ദ് ദിവസത്തിൽ പരീക്ഷ നടത്തിയതിന്‍റെ പേരിൽ മർദ്ദനമേറ്റതായും റിപ്പോർട്ടുകളുണ്ട്. ത്രിപുരയിലെ ഭരണകക്ഷികളിൽ ഒന്നായ ഐപിഎഫ്ടിയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനകളിലൊന്ന്.