കൊൽക്കത്തയിൽ നാളെ  നാല് പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെ ആണ് പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിലാണ് പ്രതിഷേധാഹ്വാനം. 

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊൽക്കത്തയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. പ്രധാനമന്ത്രിയെ വഴിയിൽ തടയുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രി എത്തുമ്പോൾ വിമാനത്താവളം വളയാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കൊൽക്കത്തയിൽ ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് ഇടതുപാര്‍ട്ടികളും വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളാണ് കൊൽക്കത്തയിൽ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. 17 ഇടത് പാർട്ടികളുടെ സംയുക്ത ഫോറവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊൽക്കത്ത നഗരത്തിൽ മാത്രമല്ല കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവും പിബി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ബിമൻ ബോസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധമാണ് കൊല്‍ക്കത്തയില്‍ അരങ്ങേറിയിരുന്നത്. നരേന്ദ്ര മോദി 'ഗോ ബാക്ക്' പ്രതിഷേധിക്കണമെന്നാണ് സോഷ്യല്‍മീഡയയില്‍ അടക്കം പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്യുന്നത്.

നേരത്തെ, പൗരത്വ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ അസമിലെ ഗുവാഹത്തി സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കിയിരുന്നു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനമാണ് മോദി റദ്ദാക്കിയത്. ഗെയിംസിന്‍റെ മൂന്നാം എഡിഷനാണ് അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നടക്കുന്നത്.

Also Read:പൗരത്വ പ്രക്ഷോഭം: മോദി അസമിലേക്കില്ല: ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിന് എത്തില്ല