ദില്ലി/ഗുവാഹത്തി: അസമിൽ പൗരത്വനിയമഭേദഗതിക്ക് എതിരായ പ്രതിഷേധം കത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുവാഹത്തി സന്ദർശനം റദ്ദാക്കി. വെള്ളിയാഴ്ച അസമിലെത്തി, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു മോദി. ഗെയിംസിന്‍റെ മൂന്നാം എഡിഷനാണ് അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നടക്കുന്നത്.

''അസമിലെ ഇപ്പോഴത്തെ സ്ഥിതി, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഒട്ടും അനുകൂലമല്ല'', എന്ന ഇന്‍റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനം റദ്ദാക്കിയത്. മോദി അസമിൽ സന്ദർശനം നടത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ (AASU) മുന്നറിയിപ്പ് നൽകിയിരുന്നു. 

അസമിലെ സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലുള്ളവർ പോലും പൗരത്വ നിയമഭേദഗതിയെച്ചൊല്ലി മോദിക്കെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നതാണ്. അസമിലെ പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ: ''പ്രധാനമന്ത്രി അസമിൽ സന്ദർശനം നടത്തണം എന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. അങ്ങനെയെങ്കിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ വിമാനത്താവളത്തിൽ നിന്ന് തന്നെ ഞങ്ങൾക്ക് പ്രതിഷേധം തുടങ്ങാമല്ലോ. അങ്ങനെ മാത്രമേ, എത്രത്തോളം അസമുകാർ ഈ നിയമത്തിന് എതിരാണെന്ന് മോദിയെ ഞങ്ങൾക്ക് ബോധ്യപ്പെടുത്താനാകൂ. ആ പ്രക്ഷോഭം കൊണ്ട് ഈ നിയമം നടപ്പാക്കുന്നതിൽ നിന്ന് മോദിക്ക് പിന്തിരിയേണ്ടി വരും'', എന്ന് ഗാർഗ്.

Read more at: പൗരത്വ ഭേദഗതി ബില്ല്; യുദ്ധക്കളമായി അസം - ചിത്രങ്ങൾ കാണാം

എന്നാൽ മോദിയുടെ സന്ദർശനത്തിന് തടസ്സമില്ലെന്നും എത്തുമ്പോൾ സുരക്ഷ ഒരുക്കാൻ എല്ലാ തയ്യാറെടുപ്പുകളും ഉണ്ടെന്നുമായിരുന്നു അസം സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച സമരം കൂടുതൽ ശക്തിയാർജിക്കുകയാണുണ്ടായത്. മോദി എത്തിയാൽ സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾക്ക് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒരുങ്ങുകയും ചെയ്തു.

ഗുവാഹത്തിയിൽ നടന്ന ഇന്ത്യ - ശ്രീലങ്ക ട്വന്‍റി 20 മത്സരങ്ങൾക്കിടയിലും പൗരത്വ നിയമഭേദഗതിക്ക് എതിരായ മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും സ്റ്റേഡിയത്തിൽ കാണികൾക്കിടയിൽ നിന്ന് മുഴങ്ങിയിരുന്നു. അന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും, ധനമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കുമെതിരെത്തന്നെ സ്റ്റേഡിയത്തിൽ മുദ്രാവാക്യം മുഴങ്ങി. മഴ കളി മുടക്കിയതിനാൽ ഗുവാഹത്തിയിലെ ടി - 20 റദ്ദാക്കിയതായി അധികൃതർ പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.

പൗരത്വ നിയമഭേദഗതി ബില്ല് പാസ്സായി നിയമമായതിന് പിന്നാലെ അസമിൽ പൊട്ടിപ്പുറപ്പെട്ട വൻ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ഡിസംബർ 16-ന് നടക്കാനിരുന്ന ഇന്ത്യ - ജപ്പാൻ ഉച്ചകോടിയും റദ്ദാക്കിയിരുന്നു.