തുടര്‍ച്ചയായി പെയ്യുന്ന മഴ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ജനങ്ങള്‍ മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തിയത് ബിജെപി വിമര്‍ശിച്ചു.
ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചു. നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷം സംഘടപ്പിച്ചു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുള്‍പ്പെടെയുള്ള നേതാക്കള്‍ വിജയനഗരിയില്‍ പരിപാടിയില്‍ പങ്കെടുത്തു. കനത്ത മഴയ്ക്കിടെയാണ് പരിപാടി നടന്നത്. സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലെ മഴ അനുഗ്രഹമാണെന്നാണ് സ്വാഗത പ്രസംഗത്തിനിടെ റവന്യൂ മന്തി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. എന്നാല്‍ പ്രവര്‍ത്തകരുള്‍പ്പെടെ ശക്തമായ മഴയില്‍ നടത്തിയ പരിപാടിയില്‍ ബുദ്ധിമുട്ടനുഭവിച്ചു.
തുടര്‍ച്ചയായി പെയ്യുന്ന മഴ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ജനങ്ങള്‍ മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തിയത് ബിജെപി വിമര്‍ശിച്ചു. മഴക്കെടുതിയിൽ പെട്ട ബെംഗളുരുവിനെ സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്നും ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പകരം മന്ത്രിമാർ വിജയനഗരയിൽ ആഘോഷത്തിൽ പങ്കെടുക്കുകയാണെന്നുമാണ് ബിജെപിയുടെ ആരോപണം.
മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഇത് സാധാരണ ജീവിതത്തെ സാരമായി തന്നെ ബാധിച്ചു. കനത്ത വെള്ളക്കെട്ടിൽ വിവിധയിടങ്ങളിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീണു. നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടാവുകയും ചെയ്തു. നഗരത്തിൽ നേരത്തെ തന്നെയുള്ള ട്രാഫിക് പ്രശ്നങ്ങൾക്ക് വെള്ളക്കെട്ട് ആക്കം കൂട്ടി. പെട്ടെന്നുണ്ടായ കനത്ത മഴയെ നേരിടാൻ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളും പരാജയപ്പെട്ടു. ആളുകളുടെ കാൽമുട്ടോളം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.
നിരവധി വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി. പൊതുഗതാഗത സംവിധാനങ്ങൾ മന്ദഗതിയിലായതോടെ യാത്രക്കാർ വലഞ്ഞു. പല വീടുകളിലേക്കും വെള്ളം കയറി. വീട്ടുപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും നശിച്ചു. ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ബെംഗളൂരുവിന്റെ നഗര-ഗ്രാമ പ്രദേശങ്ങൾ, കോലാർ, ചിക്കബല്ലാപുര, തുമകൂരു, മാണ്ഡ്യ, മൈസൂരു, ഹാസൻ, കൊടക്, ബെൽഗാവി, ബിദാർ, റായ്ച്ചൂർ, യാദ്ഗിർ, ദാവൻഗരെ, ചിത്രദുർഗ എന്നീ ജില്ലകളെയാണ് മഴ കാര്യമായി ബാധിച്ചത്. സായി ലേഔട്ട്, ഹൊറമാവു എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
കർണാടകയിൽ ജാഗ്രതാ നിർദ്ദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തീരദേശ കർണാടകയിൽ കനത്ത മഴ- 'യെല്ലോ' അലേർട്ടും, വടക്കൻ, തെക്കൻ ഉൾനാടൻ കർണാടകയിൽ അതിശക്തമായ മഴ-'ഓറഞ്ച്' അലേർട്ടും ഇന്നലെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ബെൽഗാവി, ധാർവാഡ്, ഗഡഗ്, ഹവേരി, ശിവമോഗ തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇന്ന് (മെയ് 19) നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും, വ്യാപകമായി മിതമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം. വടക്കൻ ഉൾനാടൻ ജില്ലകളിൽ മെയ് 19 മുതൽ 22 വരെ ഇത് തുടരും.


