ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം കഴിഞ്ഞ ദിവസങ്ങിൽ കുറഞ്ഞു വരികയാണെങ്കിലും അടുത്ത രണ്ട് മാസം ജാഗ്രത പാലിച്ചില്ലെങ്കിൽ സ്ഥിതി മാറുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ സിംഗ് മുന്നറിയിപ്പ് നൽകി. നവരാത്രി, ദീപാവലി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങൾ വരുന്ന ആഴ്ചകളിൽ വരാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. ഇതു പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ വരുന്ന മാസങ്ങളിൽ പലവിധ ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടപെടാൻ എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൊവിഡിൻ്റെ രണ്ടാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക - ഹർഷവർധൻ മുന്നറിയിപ്പ് നൽകുന്നു. 

ഇതോടൊപ്പം ശൈത്യകാലം ആരംഭിക്കാനിരിക്കുന്ന സാഹചര്യവും കണക്കിലെടുക്കണമെന്നും ശൈത്യകാലത്ത് കൊവിഡ് വൈറസിൻ്റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നു.