പുതുച്ചേരി: സർക്കാർ പദ്ധതികൾക്ക് തടസം നിൽക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി എംകെ റാവു. മന്ത്രിമാരുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനും പുതുച്ചേരിയിലെ ക്ഷേമ പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കാനും കിരണ്‍ ബേദി ശ്രമിക്കുന്നതായി മന്ത്രി ആരോപിച്ചു.

"തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്ക്കാനും ക്ഷേമ പദ്ധതികൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കാനും കിരണ്‍ ബേദി ശ്രമിക്കുന്നു. വിവിധ പ്രോജക്ടുകൾ അവർ നിർത്തി. നിയമനടപടി സ്വീകരിക്കുന്ന കാര്യം നിമയവിദഗ്ധരുമായി  കൂടിയാലോചിച്ചിട്ടുണ്ട്. വൈകാതെ കിരണ്‍ ബേദിക്കെതിരെ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം,"റാവു വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

കിരണ്‍ ബേദിക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമിയും നേരത്തെ രംഗത്തെത്തിയിരുന്നു. പുതുച്ചേരിയിലെ സൗജന്യ അരി വിതരണ പദ്ധതി തകര്‍ക്കാന്‍ കിരണ്‍ ബേദി ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് എംകെ റാവുവും രം​ഗത്തെത്തിയിരിക്കുന്നത്.