Asianet News MalayalamAsianet News Malayalam

പുല്‍വാമ ഭീകരാക്രമണം: പിന്നിലെ ബുദ്ധികേന്ദ്രം 23 വയസുകാരന്‍

ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍

Pulwama attack mastermind is 23-year-old electrician, say officials
Author
Jammu and Kashmir, First Published Mar 10, 2019, 8:04 PM IST

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ബുദ്ധികേന്ദ്രത്തെ കണ്ടെത്തി. ഇതുവരെ അധികം അറിയപ്പെടാത്ത ജെയ്ഷ്-ഇ-മുഹമ്മദ് കമാന്‍റര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണ് ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ക്ക് 23 വയസ് മാത്രമേ ഉള്ളുവെന്നാണ് റിപ്പോര്‍ട്ട്.

ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. കശ്മീര്‍ താഴ്‌വരയില്‍ ജെയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് കണ്ടെത്തല്‍. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട മുദാസിര്‍ ജെയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി.

സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബിരുദധാരിയായ മുദാസിര്‍ ഐ.ടി.ഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

തുടര്‍ന്ന് ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികെയാണ് ജെയ്ഷ്-ഇ-മുഹമ്മദിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. 2018 ജനുവരിയില്‍ ലെത്‌പോരയിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിലും അതേ വര്‍ഷം ഫെബ്രുവരിയില്‍ സുജ്‌വാനിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

Follow Us:
Download App:
  • android
  • ios