പുണെ: കാറിന്‍റെ ടയര്‍ മാറ്റാന്‍ ഡ്രൈവറെ സഹായിക്കാനെത്തിയ ഡോക്ടര്‍ക്കും കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ക്കും ദാരുണാന്ത്യം. ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന ബസ് ഇടിച്ചാണ് ഡോക്ടറും ഡ്രൈവറും കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിലായിരുന്നു സംഭവം. 

നട്ടെല്ല് വിദഗ്ധനും അറിയപ്പെടുന്ന ഡോക്ടറുമായ കേതന്‍ കുര്‍ജേക്കറാണ്(44) മരിച്ചത്.  മറ്റ് രണ്ട് സഹപ്രവര്‍ത്തകരോടൊപ്പം മുംബൈയില്‍നിന്ന് പുണെയിലേക്ക് പോകുകയായിരുന്നു ഡോക്ടര്‍. തലേഗാവ് പരിസരത്തെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറിന്‍റെ ഒരു ടയര്‍ പഞ്ചറായി. റോഡരികില്‍ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ടയര്‍മാറ്റുന്നതിനിടെ ഡോക്ടറും സഹായിക്കാനിറങ്ങി.

അതേ സൈഡിലെത്തിയ സ്വകാര്യബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മികച്ച ഡോക്ടര്‍ക്കുള്ള സ്വര്‍ണമെഡല്‍ ജേതാവാണ് കുര്‍ജേക്കര്‍. ഏകദേശം 3500ഓളം സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്തി പ്രശസ്തനായ ഡോക്ടറാണ് കുര്‍ജേക്കര്‍.