ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നിയമ വിദ്യാർത്ഥിനി ശർമിഷ്ഠ പനോലിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു.

പുനെ: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ നിയമ വിദ്യാർത്ഥിനി അറസ്റ്റിൽ. ശർമിഷ്ഠ പനോലി എന്ന നിയമ വിദ്യാർത്ഥിനിയെ ഗുരുഗ്രാമിൽ നിന്ന് കൊൽക്കത്ത പൊലീസാണ് അറസ്റ്റ് ചെയ്തത്. ശർമിഷ്ഠ സമൂഹ മാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ശർമിഷ്ഠയുടെ വീഡിയോ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഒരു മതത്തെ ലക്ഷ്യം വച്ച് അനാദരവോടെ, അവഹേളനപരമായ പരാമർശങ്ങൾ ശർമിഷ്ഠ നടത്തി എന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് വിവാദമായതോടെ ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ നിരുപാധികം ക്ഷമാപണം നടത്തുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ആരെയും വേദനിപ്പിക്കാൻ മനഃപൂർവ്വം ആഗ്രഹിച്ചിട്ടില്ലെന്നുമാണ് ശർമിഷ്ഠ വ്യക്തമാക്കിയത്. ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇനി മുതൽ ജാഗ്രത പാലിക്കുമെന്നും ശർമിഷ്ഠ വ്യക്തമാക്കിയിരുന്നു.

കൊൽക്കത്തയിലെ ഒരു പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശർമിഷ്ഠയും കുടുംബവും ഒളിവിലായിരുന്നുവെന്നും ഹാജരാവാൻ നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. ഇതിനെത്തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, അതിന്റെ അടിസ്ഥാനത്തിലാണ് ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം ശർമിഷ്ഠയെ കൊൽക്കത്തയിലെ അലിപൂർ കോടതിയിൽ ഹാജരാക്കി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം