ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിയായ തീരുമാനമായിരുന്നു എന്നാണ് മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞത്.
ദില്ലി: ആർട്ടിക്കിൾ 370 റദ്ദാക്കിയത് ജമ്മു കശ്മീരിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയെന്ന മുൻ വിദേശകാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്‍റെ പരാമർശം സ്വാഗതം ചെയ്ത് ബിജെപി. സത്യം പറഞ്ഞതിന് കോണ്‍ഗ്രസ് ശശി തരൂരിനെതിരെ തിരിഞ്ഞതുപോലെ ഇനി സൽമാൻ ഖുർഷിദിനെതിരെ തിരിയുമോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു.
ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാരിന്‍റെ നടപടികൾക്കുള്ള ഉഭയകക്ഷി പിന്തുണയാണ് ഖുർഷിദിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നതെന്ന് അമിത് മാളവ്യ കുറിച്ചു. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ വിശാലമായ ദേശീയ ഐക്യബോധത്തെ ഇത് അടിവരയിടുന്നു. അപ്രിയ സത്യം പറഞ്ഞതിന് കോൺഗ്രസ് ശശി തരൂരിനെതിരെ തിരിഞ്ഞതുപോലെ സൽമാൻ ഖുർഷിദിനെതിരെ തിരിയുമോയെന്ന് അമിത് മാളവ്യ ചോദിച്ചു.
ആർട്ടിക്കിൾ 370 അന്നത്തെ സർക്കാരിന്‍റെ, പ്രത്യേകിച്ച് നെഹ്‌റുവിന്‍റെ മണ്ടത്തരമായിരുന്നുവെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാല അഭിപ്രായപ്പെട്ടു. ഇത് മുൻ വിദേശകാര്യ മന്ത്രിയായ സൽമാൻ ഖുർഷിദ് തന്നെ അംഗീകരിക്കുകയാണ്. എന്നാൽ ഇന്നും ചില കോൺഗ്രസ് നേതാക്കൾ ആർട്ടിക്കിൾ 370 നെ പിന്തുണയ്ക്കുകയാണെന്ന് ഷെഹ്സാദ് പൂനെവാല കുറ്റപ്പെടുത്തി.
ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ എത്തിയപ്പോഴാണ് സൽമാൻ ഖുർഷിദ് ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിച്ചത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാക് അധിനിവേശ കശ്മീർ ഇന്ത്യയ്ക്ക് തിരികെ ലഭിക്കണമെന്നും ഖുർഷിദ് ആവശ്യപ്പെട്ടു.


