ദില്ലി: കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ​ഡ്ര​ഗ് കൺട്രോളർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. പരീക്ഷണം നിർത്തി വയ്ക്കാൻ തങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. ​ഡ്ര​ഗ് കൺട്രോളർ ജനറലിന് ആശങ്കയുണ്ടെങ്കിൽ, നൽകിയ നിർദ്ദേശങ്ങൾ തങ്ങൾ പാലിക്കാം. ഡ്ര​ഗ് കൺട്രോളറുടെ മാർഗ്ഗനിർദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും  സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.

വാക്സിൻ നിർമ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയിൽ പരീക്ഷണം താൽക്കാലികമായി നിർത്തി വച്ച പശ്ചാത്തലത്തിലാണ് കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനു ഡ്രഗ് കൺട്രോളർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മറ്റ് രാജ്യങ്ങളിൽ പരീക്ഷണം നിർത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല, വാക്സിൻ പരീക്ഷണത്തിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പ് നല്‌‍‍കിയില്ല എന്നീ ചോദ്യങ്ങളുന്നയിച്ചാണ് കാരണം കാണിക്കൽ നോട്ടീസ്.

അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് അമേരിക്കയിൽ നിർത്തിവച്ചത്. ഓക്സ്ഫഡ് സർവകലാശാലയിലായിരുന്നു പരീക്ഷണം നടന്നിരുന്നത്. വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക്  അജ്ഞാത രോഗം ബാധിച്ചതിനാലാണ്  പരീക്ഷണം നിർത്തിയത്. രോഗം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം ഉയർന്നിട്ടുണ്ട്.  

അതേസമയം, അമേരിക്കയില്‍  മരുന്നു പരീക്ഷണം നിര്‍ത്തിയത് താത്കാലികമാണെന്നും ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്നുമാണ്  പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിലപാടെടുത്തിരിക്കുന്നത്. പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു.