മുംബൈ: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ബന്ധുവീട്ടിൽ അകപ്പെട്ട മകനെ തിരിച്ചെത്തിക്കാൻ ഭിന്നശേഷിക്കാരിയായ അമ്മ സ്‌കൂട്ടറിൽ സഞ്ചരിച്ചത് 1,200 കിലോമീറ്റർ. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. സോനു ഖണ്ഡാരെ (37) എന്ന യുവതിയാണ് അമരാവതിയിലുള്ള മകനെ വീട്ടിൽ കൊണ്ടുവരാൻ ഇത്രയും ദൂരം യാത്ര ചെയ്തത്. 

പുണെയിൽ നിന്ന് അമരാവതി വരെ ഏകദേശം 18 മണിക്കൂർ ഇവർ യാത്ര ചെയ്തുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് സോനു ഖണ്ഡാരെ. മാർച്ച് പതിനേഴിനാണ് അമരാവതി ജില്ലയിൽ അൻജൻഗാവ് സുർജിയിലെ ബന്ധുവീട്ടിലേക്ക് മകൻ പ്രതീക് പോയത്. 

എന്നാൽ, മാർച്ച് 22ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതീകിന് തിരിച്ച് വരാൻ സാധിച്ചില്ലെന്ന് സോനു പറയുന്നു. പിന്നാലെ ലോക്ക്ഡൗൺ നീട്ടുകയും ചെയ്തു. ഇതോടെയാണ് മകനെ തിരികെ കൊണ്ടുവരാൻ സോനു തന്റെ സ്കൂട്ടറിൽ പുറപ്പെട്ടത്. പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് 48 മണിക്കൂർ യാത്ര ചെയ്യാനുള്ള പാസ് വാങ്ങിയ സോനു ഏപ്രിൽ 24നാണ് പുറപ്പെട്ടത്. 

"ഭക്ഷണവും വെള്ളവും കരുതിയിരുന്നു. പലയിടങ്ങളിലും രാത്രി നല്ല ഇരുട്ടായിരുന്നതിനാൽ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രമായിരുന്നു യാത്ര. വഴിയിലുടനീളമുള്ള ഓരോ ചെക്ക് പോസ്റ്റിലും പൊലീസുകാർ എന്നെ തടഞ്ഞു. പെട്രോൾ പമ്പിന് സമീപം സിസിടിവി ക്യാമറകൾ കണ്ട് കുറച്ച് സമയം വിശ്രമിച്ചു. എനിക്ക് എന്തു സംഭവിച്ചാലും സിസിടിവി സാക്ഷിയാകുമല്ലോ എന്ന വിശ്വാസത്തിൽ,"സോനു ഖണ്ഡാരെ പറയുന്നു.

25-ാം തീയതി ഉച്ചകഴിഞ്ഞ് ബന്ധുവിന്റെ വീട്ടിലെത്തിയ സോനു കുറച്ച് നേരം അവരോടൊപ്പം ചെലവഴിച്ച് യാത്രാ പാസിന്റെ കാലാവധി തീരുന്നതിന് മുൻപ് തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. 26ന് രാത്രി 11മണിയോടെ ഭോസ്‌രിയിലെ വീട്ടിൽ 
ഇരുവരും എത്തുകയും ചെയ്തു.

പിറ്റേന്ന് രാവിലെ അമ്മയും മകനും ആശുപത്രിയിലെത്തി ഉപദേശം തേടി. 14 ദിവസം വീട്ടിൽ തന്നെ ഇരുവരും  ക്വാറന്റൈനിൽ കഴിയാനാണ് ഡോക്ടർമാർ നിർദേശിച്ചത്. കൂടാതെ സോനു ഖണ്ഡാരെ ബെഡ് റസ്റ്റ് എടുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.