കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയിൽ പലയിടത്തും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇതിനിടെ ആയിരുന്നു കുൽദീപ് സിംഗ് കൊല്ലപ്പെട്ടത്. 

ശ്രീന​ഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പാക് പ്രകോപനത്തിൽ വീരമൃത്യുവരിച്ച സൈനികന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റിന്റെ ഹവിൽദാർ കുൽദീപ് സിംഗിന്റെ കുടുംബത്തിനാണ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയിൽ പലയിടത്തും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇതിനിടെ ആയിരുന്നു കുൽദീപ് സിംഗ് കൊല്ലപ്പെട്ടത്.

മുഖ്യമന്ത്രി അമരീന്ദർ സിങ്ങും സൈനികന് ആദരാഞ്ജലികൾ അർപ്പിച്ചു. കുൽദീപ് സിംഗ് രാജ്യത്തിനുവേണ്ടി ധീരമായി പോരാടി. ഭാവി തലമുറകൾക്ക് പ്രചോദനമായിത്തീരുന്ന അദ്ദേഹത്തിന്റെ പരമമായ ത്യാഗത്തെ രാഷ്ട്രം എപ്പോഴും ഓർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഹോഷിയാർപൂരിലെ രാജു ദ്വാഖ്രി സ്വദേശിയാണ് കുൽദീപ് സിം​ഗ്. മാതാപിതാക്കളും രണ്ട് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. പിതാവ് മോഹൻ സിംഗ് കരസേനയിൽ നിന്ന് ഓണററി ക്യാപ്റ്റനായി വിരമിച്ചയാളാണ്. സൈനികന്റെ മൂന്ന് സഹോദരന്മാർ നിലവിൽ ഒരോ റെജിമെന്റുകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.