മുഖ്യമന്ത്രിയുടെ കുടംബാംഗങ്ങളോ ബന്ധുക്കളോ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന കാര്യം ചരണ്‍ജിത് സിംഗ് ചന്നിക്കറിയാമായിരുന്നിട്ടും മകനെ പങ്കെടുപ്പിച്ചത് ഗുരുതര വീഴ്ചയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി

അമൃത്സര്‍: പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി (Charanjit Singh Channi) വിളിച്ച ഉന്നതതല യോഗത്തില്‍ മകന്‍ പങ്കെടുത്തത് വിവാദം. സംസ്ഥാനത്തെ സുരക്ഷ വിലയിരുത്താന്‍ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മകന്‍ റിഥം ജിത് സിംഗ് കാഴ്ചക്കാരനായി ഇരുന്നത്. മുഖ്യമന്ത്രിയുടെ കുടംബാംഗങ്ങളോ ബന്ധുക്കളോ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന കാര്യം ചരണ്‍ജിത് സിംഗ് ചന്നിക്കറിയാമായിരുന്നിട്ടും മകനെ പങ്കെടുപ്പിച്ചത് ഗുരുതര വീഴ്ചയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി അറിയിച്ചു. സംഭവത്തോട് മുഖ്യമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ല. 

അതേസമയം പഞ്ചാബിലെ ഭരണ പ്രതിസന്ധിയില്‍ അതൃപ്തിയറിയിച്ച് എത്തിയിരിക്കുകയാണ് കേന്ദ്രം. അതിര്‍ത്തി സംസ്ഥാനത്ത് അസ്ഥിരത തുടരുന്നത് ദേശീയ സുരക്ഷക്ക് തന്നെ വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനം തെറിച്ചതിന് പിന്നാലെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലെ ഭരണ അസ്ഥിരത ചൂണ്ടിക്കാട്ടി അമരീന്ദര്‍ സിംഗാണ് ആദ്യം രംഗത്തത്തിയത്. പാക് പ്രധാനമന്ത്രിയുമായി അടുപ്പമുള്ള സിദ്ദു ദേശവിരുദ്ധനാണെന്നും തീവ്രവാദ ശക്തികള്‍ക്ക് നുഴഞ്ഞ് കയറാനുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും അമരീന്ദര്‍ തുറന്നടിച്ചു. 

കഴിഞ്ഞ ദിവസം അമിത്ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം അമരീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി. ഡിജിപി എജി നിയമനങ്ങള്‍ രാഷ്ട്രീയ ലാഭത്തിനായി സര്‍ക്കാര്‍ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയും അമരീന്ദര്‍ സിംഗ് ഉന്നയിച്ചു. ഒരുപടി കൂടി കടന്ന് അതിര്‍ത്തി സംസ്ഥാനത്തെ ഭരണ അസ്ഥിരതക്ക് കാരണം ഹൈക്കമാന്‍ഡാണെന്ന് ഗ്രൂപ്പ് 23 നേതാക്കളില്‍ പെട്ട മനീഷ് തിവാരിയും കുറ്റപ്പെടുത്തി. പിന്നാലെയാണ് പഞ്ചാബിലെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ടെന്ന പ്രതികരണവുമായി മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും വിധം കലഹം മൂര്‍ച്ഛിച്ചാല്‍ പഞ്ചാബില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനയാണ് പിയൂഷ് ഗോയല്‍ മുന്‍പോട്ട് വയ്കുന്നത്.