പാരീസിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്ത്. പ്രധാനമന്ത്രിക്ക് മാത്രമേ വിദേശയാത്രയ്ക്ക് അനുമതിയുള്ളൂ എന്ന രീതിയിലാണ് കേന്ദ്രം പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ വിവേചനം ആരോപിച്ച് പഞ്ചാബ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഡൽഹി: ഫ്രാൻസിലെ പാരീസിൽ നടക്കുന്ന രാജ്യാന്തര ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ വിദേശയാത്രകൾ നടത്താൻ അനുമതിയുള്ളൂ എന്ന രീതിയിലാണ് കേന്ദ്രത്തിന്റെ പെരുമാറ്റമെന്ന് ഭഗവന്ത് മാൻ കുറ്റപ്പെടുത്തി. അനുമതി നിഷേധിച്ചതിനെതിരെ പഞ്ചാബ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളിലൊന്നായ 'സിയാൽ പാരീസിൽ' പഞ്ചാബ് സർക്കാരിന്റെ കീഴിലുള്ള 'മാർക്ക്ഫെഡ്' സ്റ്റാൾ ഇടുന്നതിനായി ഫ്രഞ്ച് സർക്കാരിന്റെ ക്ഷണം ലഭിച്ചിരുന്നതായി ഭഗവന്ത് മൻ പറഞ്ഞു. എന്നാൽ വിദേശകാര്യ മന്ത്രാലയം യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് മാത്രം ലോകത്തെവിടെയും സഞ്ചരിക്കാം, തങ്ങൾക്ക് അതിന് അനുമതിയില്ലെന്നും, വിദേശയാത്രകൾ വഴി സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ഏഷ്യൻ ഗെയിംസ് ഹോക്കി സെമി ഫൈനൽ മത്സരങ്ങൾ കാണുന്നതിനും ഒക്ടോബർ അവസാന വാരം പഞ്ചാബിൽ നടക്കുന്ന ഹോക്കി ചാമ്പ്യൻഷിപ്പിലേക്ക് ക്ഷണിക്കുന്നതിനുമായി ഭഗവന്ത് മൻ ജപ്പാൻ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഓഗസ്റ്റിൽ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ പ്രോത്സാഹിപ്പിക്കാൻ പോകാനിരുന്ന യാത്രാ പദ്ധതിയും നയതന്ത്ര കാരണം പറഞ്ഞ് തടഞ്ഞിരുന്നു. പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിനോടും നേതാക്കളോടും കേന്ദ്ര സർക്കാർ രാഷ്ട്രീയ വിവേചനം കാണിക്കുകയാണെന്ന് എ.എ.പി ആരോപിച്ചു. എന്നാൽ അയൽ സംസ്ഥാനമായ ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി നായബ് സിംഗ് സൈനിക്ക് സിംഗപ്പൂർ, സ്വീഡൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് യാത്രാനുമതി ഉടൻ ലഭ്യമാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.