മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടതിന് പിന്നാലെ ഹൈക്കമാന്‍ഡ് ഇടപെട്ട് അമരീന്ദര്‍ സിംഗിനെ നീക്കുകയായിരുന്നു.

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി വച്ച സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോ നാളെയോ പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകരോട് പഞ്ചാബിൽ തുടരാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടതിന് പിന്നാലെ ഹൈക്കമാന്‍ഡ് ഇടപെട്ട് അമരീന്ദര്‍ സിംഗിനെ നീക്കുകയായിരുന്നു. അപമാനിതനായാണ് പോകുന്നതെന്നും ഭാവി തീരുമാനം സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സുഹൃത്തായ സിദ്ദുവിനെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ലെന്നും അമരീന്ദര്‍ സിംഗ് ഭീഷണി മുഴക്കി.

പഞ്ചാബ് കോണ്‍ഗ്രസിലെ പോരിനൊടുവിലാണ് അമരീന്ദര്‍ സിംഗിന്‍റെ മുഖ്യമന്ത്രിയുടെ കസേര തെറിക്കുന്നത്. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദുവിനെ കൊണ്ടുവന്നതുമുതല്‍ അമരീന്ദര്‍ സിംഗ് അസ്വസ്ഥനായിരുന്നു. എംഎല്‍എമാരുടെ പിന്തുണ നേടിയ സിദ്ദു കരുക്കള്‍ മുന്നേ നീക്കി. അന്‍പതോളെം എംഎല്‍എമാര്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് അമരീന്ദര്‍സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. നാല് മന്ത്രിമാരും ക്യാപ്റ്റനില്‍ അവിശ്വാസം അറിയിച്ചു. അമരീന്ദര്‍ സിംഗിനെ മാറ്റിയില്ലെങ്കില്‍ രാജി വയ്ക്കുമെന്നും ഭീഷണി മുഴക്കി. പഞ്ചാബില്‍ അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളും ഇതിനിടെ ക്യാപ്റ്റനെതിരായി.

ജനരോഷത്തില്‍ മുന്‍പോട്ട് പോയാല്‍ ഭരണതുടര്‍ച്ചയുണ്ടാകില്ലന്നും ആംആദ്മി പാര്‍ട്ടിക്ക് സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാര്‍ട്ടിയുടെ കൂടി സര്‍വ്വേ അമരീന്ദര്‍സിംഗിനെ മാറ്റാന്‍ കാരണമായി. ഹൈക്കമാന്‍ഡ് തീരുമാനം മുതിര്‍ന്ന നേതാക്കള്അ മരീന്ദറിനെ അറിയിച്ചു. പാര്‍ട്ടി വിടുമെന്ന ഭീഷണി അവഗണിച്ച നേതൃത്വം രാജി വച്ചേ മതിയാവൂയെന്ന നിലപാടില്‍ ഉറച്ച് നിന്നു. കടുത്ത നിലപാട് അമരീന്ദര്‍ സിംഗ് സോണിയ ഗാന്ധിയെ അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വൈകുന്നേരം നാല് മണിയോടെ ഗവര്ണ്ണറെ കണ്ട അമരീന്ദര്‍സിംഗ് ഒടുവില്‍ രാജിക്കത്ത് കൈമാറി.

77 എംഎല്‍എമാരില്‍ അറുപത് പേരും അമരീന്ദര്‍ സിംഗിനെതിരായിരുന്നു. പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ് വ, രവ്നീത് സിംഗ് ബിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.