പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ശക്തമായ ചതുഷ്കോണ മല്‍സരമാണ് സംസ്ഥാനത്ത് ഇത്തവണ

ചണ്ഡിഖഡ്: പഞ്ചാബ് തെരഞ്ഞെടുപ്പിനും (Punjab Election 2022) ഉത്തർപ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനും (UP Election 2022) ഇനി നിശബ്ദ പ്രചാരണത്തിന്‍റെ സമയം. വാശിയേറിയ പരസ്യപ്രചരണത്തിന് കലാശക്കൊട്ട് വീണതോടെ അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാ‍ർത്ഥികളും മുന്നണികളും. പഞ്ചാബ് ജനതയും ഉത്തർപ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടർമാരും നാളെയാണ് പോളിംഗ് ബുത്തിലെത്തുക. പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ശക്തമായ ചതുഷ്കോണ മല്‍സരമാണ് സംസ്ഥാനത്ത് ഇത്തവണ. അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കുമെന്നാണ് വിലയിരുത്തലുകൾ. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്.

പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഖ് നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി

അവസാന നിമിഷം പഞ്ചാബിൽ ഖാലിസ്ഥാൻ ചർച്ച

ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പഞ്ചാബിൽ തിരശ്ശീല വീണത്. പ്രമുഖ പാർട്ടികളുടെ റോഡ് ഷോയോടെയാണ് പരസ്യ പ്രചാരണത്തിന് കലാശക്കൊട്ടായത്. അവസാന ദിവസം വലിയ ചർച്ചയായി മാറിയത് ഖാലിസ്ഥാൻ പരാമർശവും കോൺഗ്രസിന്‍റെ പ്രകടന പത്രികയുമാണ്. കെജ്രിവാളിനെതിരായ കുമാർ ബിശ്വാസിന്‍റെ ഖാലിസ്ഥാൻ ആരോപണം കോൺഗ്രസും ബിജെപിയും ഒരേ പോലെ ഏറ്റെടുത്ത് ചര്‍ച്ചയാക്കി. ഭീകരനെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി തിരിച്ചടിച്ചത്. രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്ന ആരോപണവും ക്രെജ്രിവാൾ അഴിച്ചുവിട്ടു. ചന്നിയുടെ ഭയ്യ പരാമർശം വിവാദമായതിന് പിന്നാലെയാണ് കെജ്രിവാളിനെതിരായ കുമാര്‍ വിശ്വാസിന്‍റെ ആരോപണം രാഷ്ട്രീയ കൊടുങ്കാറ്റായത്.

കെജ്രിവാളിനെതിരായ ഖലിസ്ഥാൻ ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് അമിത് ഷാ

ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് കോൺഗ്രസും ബിജെപിയും ഉന്നമിടുന്നത്. അതിനിടെ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ് പ്രകടനപത്രികയും പുറത്തിറക്കി. സത്രീകൾക്ക് പ്രതിമാസം 1100 രൂപ വീതം നൽകുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. സ്കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം അടക്കം വാഗ്ദാനങ്ങളടങ്ങുന്നതാണ് കോൺഗ്രസിന്‍റെ പ്രകടനപത്രിക. പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് ജനവിധി തേടുന്ന 1304 സ്ഥാനാര്‍ഥികളില്‍ 93 പേര്‍ വനിതകളാണ്.

'ഭീകരനെങ്കിൽ അറസ്റ്റ് ചെയ്യൂ'വെന്ന് കെജ്രിവാ‌ൾ; പ്രകടന പത്രികയുമായി കോൺഗ്രസ്, കലാശക്കൊട്ട്

മൂന്നാം ഘട്ട വിധിയെഴുത്തിന് യു പി

ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണമാണ് അവസാനിച്ചത്. 16 ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഞായറാഴ്ച വിധിയെഴുതുന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പിതൃസഹോദരന്‍ ശിവ് പാല്‍ സിംഗ് യാദവ് തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ തട്ടകങ്ങളായിരുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെയാണ് പിന്തുണച്ചത്. 2017ല്‍ ബിജെപി 49 സീറ്റ് നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടിക്ക് 9 ഉം കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് കിട്ടിയത്. അതുകൊണ്ടുതന്നെ പ്രതാപം തിരിച്ചുപിടിക്കാനാണ് എസ് പിയുടെ ശ്രമം.