ദില്ലി: കാർഷിക നിയമത്തിനെതിരെ സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന ജലന്ദർ സ്വദേശിയായ കർഷകൻ തന്റെ കണ്ടെയ്നർ ട്രക്ക് താത്കാലിക വീടാക്കി മാറ്റിയിരിക്കുകയാണ്. ഒരു വീടിന് സമാനമായി എല്ലാവിധ സൗകര്യങ്ങളും ഈ ട്രക്കിൽ‌ ഒരുക്കിയിരിക്കുന്നു. സോഫ, കിടക്ക, ടിവി, ടോയ്ലറ്റ് എന്നിങ്ങനെ സൗകര്യങ്ങൾക്ക് യാതൊരു കുറവുമില്ല ഹർപ്രീത് സിം​ഗ് മട്ടുവിന്റെ ഈ താത്കാലിക വീട്ടിൽ. 

അമേരിക്കയിലുള്ള എന്റെ സഹോദരന്റെ നിർദ്ദേശ പ്രകാരം ഡിസംബർ 2നാണ് ഞാൻ ഇവിടെ എത്തിയത്. അദ്ദേഹമാണ് എന്നോട് കർഷകരെ സേവിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ എന്റെ ജോലി എല്ലാം ഉപേക്ഷിച്ച് സിംഘു അതിർത്തിയിലേക്ക് പോന്നു. നേരത്തേ എന്റെ അഞ്ച് ട്രക്കുകൾ ഇങ്ങോട്ട് വന്നിരുന്നു. ഞാൻ എന്റെ ഹോട്ടലുകളിലൊന്നിലാണ് താമസിച്ചിരുന്നത്. എന്നാൽ എനിക്ക് ​ഗുഹാതുരത അനുഭവപ്പെട്ട് തുടങ്ങിയപ്പോൾ ഞാൻ ട്രക്കിന് വീടാക്കി മാറ്റി. - ഹർപ്രീത് സിം​ഗ് മട്ടു വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ താത്കാലിക വീട് തയ്യാറാക്കാൻ സുഹൃത്തുക്കളാണ് സഹായിച്ചതെന്ന് ഹർപ്രീത് സിം​ഗ് മട്ടു വ്യക്തമാക്കി. ഒന്നര ദിവസംകൊണ്ടാണ് പണി പൂർത്തിയായത്. സിംഘുവിലൂടെ കടന്നുപോകുന്നവർക്കും കർഷകർക്കുമായി ചായയും പലഹാരങ്ങളും നൽകുന്നുമുണ്ട് ഹർപ്രീത് സിം​ഗ് മട്ടു. രാവിലെ മുതൽ വൈകീട്ട് വരെ ഇവിടെനിന്ന് ചായയും പക്കോടയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.