Asianet News MalayalamAsianet News Malayalam

New DGP For Punjab : പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച, പൊലീസ് മേധാവിയെ മാറ്റി പഞ്ചാബ് സർക്കാർ

അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ പഞ്ചാബ് സർക്കാർ കേസെടുത്തത് ദുർബല വകുപ്പുകൾ ഉൾപ്പെടുത്തിയാണെന്ന വിവരം പുറത്തു വന്നു. 

Punjab Government removed Police Chief
Author
Amritsar, First Published Jan 8, 2022, 6:21 PM IST

അമൃത്സർ: പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു. നിലവിലെ പൊലീസ് മേധാവി സിദ്ധാർഥ് ചതോപാധ്യായയെ മാറ്റിയാണ് വിരേഷ് കുമാറിൻ്റെ നിയമനം. പ്രധാനമന്ത്രിയുടെ  സന്ദർശനത്തിലുണ്ടായ സുരക്ഷ വീഴ്ച്ചയിൽ ഡിജിപി ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അദ്ദേഹത്തിനെതിരെ കേന്ദ്രസർക്കാരിൽ നിന്നും കൂടുതൽ അന്വേഷണം നടക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് പഞ്ചാബ് സർക്കാരിൻ്റെ നീക്കം. 

അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ പഞ്ചാബ് സർക്കാർ കേസെടുത്തത് ദുർബല വകുപ്പുകൾ ഉൾപ്പെടുത്തിയാണെന്ന വിവരം പുറത്തു വന്നു. 200 രൂപ പിഴ ചുമത്താവുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്ത്. സുരക്ഷാ വീഴ്ചയിൽ സംസ്ഥാന ഡിജിപിക്കും ഭട്ടിൻഡ എസ്പിക്കും കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

പ്രധാനമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ച ഉണ്ടായത് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. എന്നാൽ പഞ്ചാബ് പൊലീസ് കേസെടുത്തത് 18 മണിക്കൂർ കഴിഞ്ഞാണ്. ഐപിസി ഇരുനൂറ്റി എൺപത്തി മൂന്നാം വകുപ്പ് പ്രകാരമാണ് പൊലീസ കേസ്. പൊതു വഴി തടസ്സപ്പെടുത്തിയതിനുള്ള കേസിൽ ശിക്ഷ ഇരുന്നൂറ് രൂപ പിഴയാണ്. 

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ഇത്ര നിസ്സാരമായാണോ പഞ്ചാബ് പൊലീസ് കാണുന്നതെന്ന് കേന്ദ്രം ചോദിക്കുന്നു. സംസ്ഥാന ഡിജിപിക്കും ഭട്ടിൻ‍‍ഡ എസ്പിക്കും കേന്ദ്രം ഇന്നലെ കാരണം കാണിക്കൽ നോട്ടീസ് നല്കി. അഖിലേന്ത്യ സർവ്വീസ് ചട്ടപ്രകാരം നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനാണ് നിർദ്ദേശം. കേന്ദ്രത്തിൻറെയും സംസ്ഥാനത്തിൻറെയും തുടർനടപടികൾ ഇന്നലെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.  

കാരണം കാണിക്കൽ നോട്ടീസിനും ഇത് ബാധകമാണെന്ന് പഞ്ചാബ് വാദിക്കുന്നു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ കേന്ദ്രം കോടതിയെ നിലപാട് അറിയിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് കേസ് വീണ്ടും ചീഫ് ജസ്റ്റിസ് കേൾക്കുന്നത്. എൻഐഎ അന്വേഷണം എന്ന നിർദ്ദേശം കേന്ദ്രം ആവർത്തിക്കാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios