ഇന്ത്യൻ സൈന്യത്തിൻ്റെ സുപ്രധാന വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ചോർത്തി നൽകിയ പഞ്ചാബ് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിലായി. സാമ്പത്തിക നേട്ടത്തിനായി രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ അതിർത്തി വിവരങ്ങൾ ഇയാൾ കൈമാറിയതായി കണ്ടെത്തി

ദില്ലി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ യുവാവിനെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രകാശ് സിങ് (ബാദൽ - 34) ആണ് അറസ്റ്റിലായത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് അതിർത്തിയിലെ സുപ്രധാന വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നവംബർ 27 നാണ് ഇയാൾ പിടിയിലായത്. ശ്രീ ഗംഗാനഗറിനടുത്ത് സാധുവാലിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സൈന്യത്തിൻ്റെ കേന്ദ്രത്തിന് സമീപം ഇയാളെ സംശയാസ്‌പദമായി കണ്ടെന്ന് രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ അതിർത്തി രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണടക്കം പ്രാഥമികമായി പരിശോധിച്ചതിൽ നിന്ന് പാകിസ്ഥാനിലെ പല ഫോൺ നമ്പറുകളുമായുള്ള നിരന്തര സമ്പർക്കത്തിൻ്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഐഎസ്ഐയിൽ നിന്ന് പണം പറ്റിക്കൊണ്ട് സൈന്യത്തിൻ്റെ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയെന്ന് വ്യക്തമായത്. ഇന്ത്യാക്കാരുടെ പേരിൽ ഫോൺ നമ്പറുകൾ എടുത്ത ശേഷം ഈ നമ്പറുകളിൽ വാട്‌സ്ആപ്പ് കണക്ഷൻ എടുക്കാൻ ഒടിപി പാക് ഏജൻസികൾക്ക് കൈമാറിയെന്നും കണ്ടെത്തലുണ്ട്.

രാജസ്ഥാനിലെയും പഞ്ചാബിലെയും ഗുജറാത്തിലെയും അതിർത്തി മേഖലകളിലെ സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇയാൾ പാകിസ്ഥാന് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഐഎസ്ഐക്ക് രഹസ്യവിവരം ചോർത്തിയ കേസിൽ പിടിയിലായ നാലാമത്തെയാളാണ് ഇയാൾ. സൈനിക വാഹനത്തെയും സൈനിക സജ്ജീകരണങ്ങളെയും അതിർത്തികളിലെ ഭൗമ സാഹചര്യങ്ങളും പാലങ്ങളും റോഡുകളും റെയിൽവെ ലൈനുകളും പുതുതായി നടക്കുന്ന നിർമ്മാണങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ഇവർ പാകിസ്ഥാന് ചോർത്തി നൽകിയിരുന്നത്.

Scroll to load tweet…