Asianet News MalayalamAsianet News Malayalam

പഞ്ചാബിൽ വൈക്കോൽ കത്തിച്ചതിന് ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 3634 കേസുകൾ, ശ്വാസംമുട്ടി ദില്ലി

ദില്ലിയിലെ വായു മലിനീകരണത്തിൽ പരസ്പരം പഴിചാരി കേന്ദ്ര-സംസ്ഥാന നേതൃത്വം

punjab register 3634 farm fire cases in one day
Author
First Published Nov 3, 2022, 11:18 AM IST

ദില്ലി : വൈക്കോൽ കത്തിച്ചതിന് പഞ്ചാബിൽ ബുധനാഴ്ച മാത്രം രജിസറ്റർ ചെയ്തത് 3,634 കേസുകൾ. ഇത് ഈ സീസണിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെൻസിംഗ് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം സെപ്റ്റംബർ 15 മുതൽ നവംബർ 2 വരെയുള്ള കാലയളവിൽ വൈക്കോലുകൾക്ക് തീ വച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 21,480 ആയി. 2020-ലും 2021-ലും ഇതേ കാലയളവിൽ പഞ്ചാബിൽ യഥാക്രമം 36,765, 17,921 കൃഷിയിടങ്ങളിൽ തീവച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സ്വന്തം ജില്ലയായ സംഗ്രൂരിൽ 677 കേസുകളും പട്യാലയിൽ 395, ഫിറോസ്പൂരിൽ 342, ബട്ടിൻഡയിൽ 317, ബർണാലയിൽ 278, ലുധിയാനയിൽ 198, മാൻസയിൽ 191, മോഗയിൽ 173 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുക്ത്സർ, ഫരീദ്കോട്ടിൽ 167 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പഞ്ചാബിലും ഹരിയാനയുടെ ചില ഭാഗങ്ങളിലും വൈക്കോൽ കത്തിച്ച സംഭവങ്ങളാണ് ദില്ലിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബുധനാഴ്ച, ദില്ലി വായു ഗുണനിലവാര സൂചിക (എക്യുഐ) 376 ൽ എത്തി. ചൊവ്വാഴ്ച 424 ൽ നിന്ന് മെച്ചപ്പെട്ടിരുന്നു. ദില്ലി വായുവിന്റെ ഗുണനിലവാരം മോശമായതോടെ, മലിനീകരണത്തിന് കാരണമായ കാർഷിക തീവെപ്പ് കേസുകൾ വർദ്ധിക്കുന്നതിന് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിനെ ബിജെപി കുറ്റപ്പെടുത്തി. പഞ്ചാബിൽ 2021ലെ കാർഷിക തീപിടുത്തത്തിൽ നിന്ന് 19 ശതമാനം വർധനയുണ്ടായെന്നും എഎപി ദില്ലിയെ ഗ്യാസ് ചേമ്പറാക്കി മാറ്റിയെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ബുധനാഴ്ച പറഞ്ഞു.

എഎപി എവിടെയുണ്ടോ അവിടെ അഴിമതിയുണ്ടെന്ന് ബിജെപി ആരോപിച്ചു. "കഴിഞ്ഞ 5 വർഷത്തിനിടെ കേന്ദ്ര സർക്കാർ വിള അവശിഷ്ട പരിപാലന യന്ത്രങ്ങൾക്കായി 1,347 കോടി രൂപ പഞ്ചാബിന് നൽകി. സംസ്ഥാനം 1,20,000 മെഷീനുകൾ വാങ്ങി. അതിൽ 11,275 യന്ത്രങ്ങൾ കാണാതായി. കഴിവില്ലായ്മയാണ് ഇത് കാണിക്കുന്നത്. "ഭൂപേന്ദർ യാദവ് കുറ്റപ്പെടുത്തി. 

അതേസമയം സംസ്ഥാനത്തെ കർഷകരെ ലക്ഷ്യമിടുന്ന ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി തിരിച്ചടിച്ചു. കേന്ദ്ര സർക്കാർ എല്ലാ ദിവസവും ദില്ലി, പഞ്ചാബ് സർക്കാരുകളെ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നു, പഞ്ചാബ് കർഷകരെ കുറ്റക്കാരായി കാണിക്കുന്നു, എന്തുകൊണ്ടാണ് കർഷകർ വൈക്കോൽ കത്തിക്കുന്നത്? എന്തുകൊണ്ടാണ് ദില്ലിയിൽ മലിനീകരണം വർദ്ധിച്ചത്?" 
വൈക്കോലുകൾ കൈകാര്യം ചെയ്യുന്നതിന് കർഷകർക്ക് ക്യാഷ് ഇൻസെന്റീവ് നൽകാനുള്ള നിർദ്ദേശം കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും ഭഗവന്ത് മാൻ ആരോപിച്ചു. കർഷകർക്ക് കേന്ദ്രസർക്കാർ ഏക്കറിന് 1500 രൂപ വച്ച് നൽകണമെന്നും ദില്ലി പഞ്ചാബ് സർക്കാരുകൾ 500 രൂപ വീതം നൽകാമെന്നുമായിരുന്നു മുന്നോട്ട് വച്ച നിർദ്ദേശം. അത് ഇതുവവരെ നടപ്പാക്കാനായിട്ടില്ല. 

Read More : ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു

Latest Videos
Follow Us:
Download App:
  • android
  • ios