2000 മുതൽ നിലവിലുള്ള വിലാസത്തിലാണ് താമസിക്കുന്നത്. മൂന്നുവട്ടം ലോക്സഭയിലേക്ക് മത്സരിച്ചതും രണ്ടുവട്ടം എംപിയായതും ഇതേ വീട്ടിൽ താമസിക്കുമ്പോഴാണ്. എല്ലാ ഔദ്യോ​ഗിക രേഖകളിലും ഇതുതന്നെയാണ് തന്റെ സ്ഥിരമേൽവിലാസം. എന്നിട്ടും തന്റെ പേരും കുടുംബാം​ഗങ്ങളുടെ പേരുകളും കരട് പട്ടികയിൽ ഇല്ലെന്നും ധരംവീര ​ഗാന്ധി വ്യക്തമാക്കി.

ചണ്ഡീ​ഗഢ്: പഞ്ചാബിലെ തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽനിന്ന് കോൺ​ഗ്രസ് എംപിയും പുറത്ത്. രണ്ടുവട്ടം പട്യാലയിൽനിന്ന് ലോക്സഭാം​ഗമായ മുതിർന്ന കോൺ​ഗ്രസ് നേതാവ് ഡോ. ധരംവീര ​ഗാന്ധിയാണ് കരട് പട്ടികയിൽനിന്ന് പുറത്തായത്. തന്റെ പേരിനൊപ്പം കുടുംബാം​ഗങ്ങളുടെ പേരുകളും കരട് വോട്ടർ പട്ടികയിൽ ഇല്ലെന്നും എംപി പറഞ്ഞു.

2000 മുതൽ നിലവിലുള്ള വിലാസത്തിലാണ് താമസിക്കുന്നത്. മൂന്നുവട്ടം ലോക്സഭയിലേക്ക് മത്സരിച്ചതും രണ്ടുവട്ടം എംപിയായതും ഇതേ വീട്ടിൽ താമസിക്കുമ്പോഴാണ്. എല്ലാ ഔദ്യോ​ഗിക രേഖകളിലും ഇതുതന്നെയാണ് തന്റെ സ്ഥിരമേൽവിലാസം. എന്നിട്ടും തന്റെ പേരും കുടുംബാം​ഗങ്ങളുടെ പേരുകളും കരട് പട്ടികയിൽ ഇല്ലെന്നും ധരംവീര ​ഗാന്ധി വ്യക്തമാക്കി.

2003-ലെ വോട്ടർപട്ടികയിലെ വിവരങ്ങളുമായി തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിയുടെയും കുടുംബാം​ഗങ്ങളുടെയും പേരുകൾ വെട്ടിപ്പോയതെന്നാണ് അദ്ദേഹത്തിന് ലഭിച്ച വിവരം. കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തായതോടെ ധരംവീര ​ഗാന്ധി പരാതിയുമായി അധികൃതരെ സമീപിച്ചിട്ടുണ്ട്. അന്തിമ പട്ടികയിൽ പേര് ഉൾപ്പെടുത്താനായി പാസ്പോർട്ടും പത്താംക്ലാസ് സർട്ടിഫിക്കറ്റും മറ്റ് രേഖകളും സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ബിജെപി എംപി രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതിൽ നേരത്തേ വിവാദമുയർന്നിരുന്നു. പഞ്ചാബിൽനിന്ന് സ്ഥിരമായി താമസംമാറിയെന്നാണ് രാഘവ് ഛദ്ദയുടെ പേര് ഒഴിവാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആംആദ്മി സർക്കാർ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ രാഷ്ട്രീയവൈരാ​ഗ്യം തീർക്കാൻ ഉപയോ​ഗിക്കുകയാണെന്നാണ് മുൻ ആംആദ്മി നേതാവ് കൂടിയായ രാഘവ് ഛദ്ദ ആരോപിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് കോൺ​ഗ്രസ് എംപിയായ ധരംവീര ​ഗാന്ധിയുടെ പേര് വെട്ടിയതിലും വിവാദമുയർന്നിരിക്കുന്നത്.

മുൻ ആംആദ്മി നേതാവായ ധരംവീര ​ഗാന്ധി 2024-ലാണ് കോൺ​ഗ്രസിൽ ചേർന്നത്. ആം ആദ്മി നേതാവായിരിക്കെ 2014-ലാണ് അദ്ദേഹം ആദ്യമായി പട്യാലയിൽനിന്ന് ലോക്സഭയിലെത്തിയത്. 2016-ൽ പഞ്ചാബ് മുന്നണിയും പിന്നീട് 2019-ൽ നവാൻ പഞ്ചാബ് പാർട്ടിയും അദ്ദേഹം രൂപവത്കരിച്ചു. ഇതിനിടെ 2019-ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2024-ലാണ് അദ്ദേഹം കോൺ​ഗ്രസ് ടിക്കറ്റിൽ പട്യാലയിൽനിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.