അടിയന്തിര ഘട്ടത്തിൽ പ്രധാനമന്ത്രിയെ ഒഴിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണം എന്ന സുരക്ഷാ നിര്‍ദ്ദേശവും നടപ്പായില്ല. 

ദില്ലി: പ്രധാനമന്ത്രിയുടെ (Narendra Modi) സുരക്ഷാ പ്രോട്ടോക്കോളിൽ വൻ വീഴ്ച്ചയാണ് ഇന്ന് പഞ്ചാബിൽ (Punjab) ദൃശ്യമായത്. പഞ്ചാബ് പൊലീസ് കൂടി സമ്മതിച്ച ശേഷമാണ് പ്രധാനമന്ത്രി റോഡ് മാര്‍ഗം പോകാൻ തീരുമാനിച്ചതെന്ന് എസ്പിജി പറയുന്നു. അടിയന്തിര ഘട്ടത്തിൽ പ്രധാനമന്ത്രിയെ ഒഴിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണം എന്ന സുരക്ഷാ നിര്‍ദ്ദേശവും നടപ്പായില്ല. 

2006 ൽ കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്‍റെ വാഹന വ്യൂഹത്തിന് വഴിതെറ്റിയിരുന്നു. പൈലറ്റ് വാഹനത്തിന് പറ്റിയ വീഴ്ചയായിരുന്നു അത്. അന്ന് ആ വാഹന വ്യൂഹത്തിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘവും ഉണ്ടായിരുന്നു. അഞ്ച് മിനിറ്റോളം വാഹനം വഴിയിൽ നിന്ന സംഭവം പിന്നീട് എസ്പിജി ഏറെ ഗൗരവത്തോടെയാണ് പരിഗണിച്ചത്. ഓരോ സംസ്ഥാനത്തും പോകുമ്പോൾ നടപ്പാക്കേണ്ട പ്രോട്ടോക്കോളും കര്‍ശനമാക്കി. 

ഹെലികോപ്ടര്‍ യാത്ര അസാധ്യമെങ്കിൽ റോഡ് മാര്‍ഗം പോകാനുള്ള പകരം ക്രമീകരണം ഒരുക്കേണ്ടത് സംസ്ഥാന പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. അങ്ങനെ പോകേണ്ട റൂട്ടിൽ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത് ഉറപ്പാക്കണം. ഒരു അടിയന്തിര സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വാഹനത്തെ ഒരു ബദൽ റൂട്ടിലൂടെ കൊണ്ടുപോകാനുള്ള ക്രമീകരണവും വേണം. 

എന്നാൽ ഇന്ന് പഞ്ചാബിൽ പ്രധാനമന്ത്രി സഞ്ചരിച്ച റൂട്ടിൽ പ്രതിഷേധക്കാര്‍ ഇടിച്ചുകയറിയത് തടയാൻ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു. വഴിയിൽ തടസമുണ്ടെന്ന വിവരം നൽകി പ്രധാനമന്ത്രിയുടെ റൂട്ട് മാറ്റാനുള്ള പ്രോട്ടോക്കോളും പാലിച്ചില്ല. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രിയെ വിളിക്കാൻ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ലൈനിൽ വന്നില്ല എന്ന ആരോപണവും കേന്ദ്രം ഉന്നയിക്കുന്നുണ്ട്. എസ്പിജി തലത്തിലും വിശദമായ പരിശോധനക്ക് കേന്ദ്രം തയ്യാറെടുക്കുന്നു എന്നാണ് സൂചന.

YouTube video player