Asianet News MalayalamAsianet News Malayalam

'തട്ടിപ്പാണത്, നീറ്റ് പിജി ചോദ്യപേപ്പർ ഇതുവരെ തയ്യാറാക്കിയിട്ടില്ല'; ടെലഗ്രാമിലെ പ്രചാരണത്തിനെതിരെ എൻബിഇഎംഎസ്

70,000 രൂപ തന്നാൽ ചോദ്യ പേപ്പർ നൽകാമെന്നാണ് ഒരു ഗ്രൂപ്പിലുള്ളത്. 35,000 രൂപ ഇപ്പോൾ തന്നെയും ബാക്കി പരീക്ഷ കഴിഞ്ഞും നൽകാൻ ആവശ്യപ്പെട്ടു. ഈ പേജുകൾ സൈബർ ക്രൈം, ഇന്‍റലിജൻസ് ബ്യൂറോ എന്നിവ നിരീക്ഷിക്കണമെന്ന് ആവശ്യം.

Question Paper Yet To Be Prepared  National Board of Examinations in Medical Sciences on Claims Of NEET-PG Leak
Author
First Published Aug 8, 2024, 10:08 AM IST | Last Updated Aug 8, 2024, 10:11 AM IST

ദില്ലി: നീറ്റ് പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം നിഷേധിച്ച് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (എൻബിഇഎംഎസ്). ചോദ്യപേപ്പർ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് വിശദീകരണം. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എൻബിഇഎംഎസ് അറിയിച്ചു, 

ചില ടെലഗ്രാം ചാനലുകളിലാണ് ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണമുണ്ടായത്. ഇത്തരം പ്രചാരണങ്ങളിലോ പ്രലോഭനങ്ങളിലോ വീഴരുതെന്ന് പരീക്ഷ എഴുതുന്നവരോട് എൻബിഇഎംഎസ് ആവശ്യപ്പെട്ടു. വ്യാജ അവകാശവാദങ്ങളിലൂടെ പരീക്ഷ എഴുതുന്നവരെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എൻബിഇഎംഎസ് വ്യക്തമാക്കി. ചോദ്യ പേപ്പർ നൽകാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ അത് ബോർഡിന്‍റെ കമ്മ്യൂണിക്കേഷൻ വെബ് പോർട്ടലിലോ കൂടുതൽ അന്വേഷണത്തിനായി പൊലീസിലോ അറിയിക്കാവുന്നതാണെന്നും എൻബിഇഎംഎസ് അറിയിച്ചു. 

നീറ്റ് ചോദ്യ പേപ്പർ ചോർന്നു കിട്ടിയെന്ന് നിരവധി ടെലഗ്രാം പേജുകൾ അവകാശപ്പെടുന്നുവെന്ന് ഡോ. ധ്രുവ് ചൗഹാൻ എന്നയാളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.  സ്ക്രീൻ ഷോട്ട് സഹിതമാണ് ഇക്കാര്യം പറഞ്ഞത്. 70,000 രൂപ തന്നാൽ ചോദ്യ പേപ്പർ നൽകാമെന്നാണ് ഒരു ഗ്രൂപ്പിലുള്ളത്. 35,000 രൂപ ഇപ്പോൾ തന്നെയും ബാക്കി പരീക്ഷ കഴിഞ്ഞും നൽകാൻ ആവശ്യപ്പെട്ടു. ഈ പേജുകൾ സൈബർ ക്രൈം, ഇന്‍റലിജൻസ് ബ്യൂറോ എന്നിവ നിരീക്ഷിക്കണമെന്ന് ഡോ. ധ്രുവ് ചൗഹാൻ പറയുന്നു. 

ആഗസ്ത് 11നാണ് ഈ വർഷത്തെ നീറ്റ് പിജി പ്രവേശന പരീക്ഷ. ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ ഡൌണ്‍ലോഡ് ചെയ്യാം. നേരത്തെ പരീക്ഷാ സെന്‍ററുകൾ വളരെ ദൂരെ അനുവദിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു. പരീക്ഷ എഴുതുന്ന മലയാളികളായ പലർക്കും വിശാഖപട്ടണത്തും മറ്റും സെന്‍റർ ലഭിച്ച സാഹചര്യമുണ്ടായി. പിന്നീട് ഈ സെന്‍ററുകൾ പലർക്കും പുതുക്കി നൽകി. കൂടുതൽ സെന്‍ററുകൾ അനുവദിച്ചാണ് ഇത് സാധ്യമാക്കിയത്. 

വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക്; ഈ വർഷം 13,35,878 പേർ, ഏറ്റവും കൂടുതൽ പേർ കാനഡയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios