പരീക്ഷാ ചോദ്യപേപ്പറുകൾ വെള്ളക്കെട്ടിൽ പൊങ്ങിക്കിടക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്. കനത്ത മഴയ്ക്കിടെയുള്ള വിതരണത്തിനിടെയാണ് സംഭവം,

പറ്റ്ന: പരീക്ഷാ ചോദ്യപേപ്പറുകളുടെ കെട്ടുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബിഹാറിലെ ബക്സർ ജില്ലയിലാണ് സംഭവം വലിയ രീതിയിൽ ചർച്ചയായതോടെ വിശദീകരണവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് വിദ്യാലയങ്ങളിലേക്ക് ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു കെട്ടിട സമുച്ചയത്തിന് സമീപം വെള്ളക്കെട്ടിൽ പരീക്ഷാ പേപ്പറുകളുടെ വലിയ കെട്ടുകൾ കിടക്കുന്നതായും ചിലർ ഇവ വെള്ളത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതായും കാണാം. ബക്സർ ജില്ലയിലെ സ്കൂളുകളിലെ 9, 10, 12 ക്ലാസുകളിലെ ത്രൈമാസ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ഇവയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. വിവിധ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ രാജ്യത്ത് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വീഡിയോയും പുറത്തുവന്നത്. ഇത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് വിമർശനം.

വീഡിയോയിൽ കാണുന്നത് സ്കൂളുകളിലേക്ക് വിതരണം ചെയ്യാനായി എത്തിച്ച ചോദ്യപേപ്പറുകളും ഉത്തരമെഴുതാനുള്ള പേപ്പറുകളും തന്നെയാണെന്ന് വിദ്യാഭ്യാസ വകുപ്പ് സമ്മതിച്ചു. എങ്കിലും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെ വീഴ്ചയാണ് ഇതിന് പിന്നിലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴ കാരണം വിതരണ കേന്ദ്രത്തിൽ വെള്ളം ഉയർന്നതാണെന്നും എന്നാൽ പരീക്ഷാ സാമഗ്രികൾ അടങ്ങിയ സീൽ ചെയ്ത പാക്കറ്റുകൾക്കൊന്നും തന്നെ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ ത്രൈമാസ പരീക്ഷകൾ ജില്ലയിൽ സുഗമമായി നടന്നിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ചോദ്യപേപ്പറുകൾ സൂക്ഷിച്ച ബക്സറിലെ വിതരണ കേന്ദ്രത്തിൽ നിന്നും വിവിധ സ്കൂളുകളിലേക്ക് ഇവ വാഹനങ്ങളിൽ കയറ്റി അയക്കാൻ തരംതിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത മഴ പെയ്തത്. ഈ സമയത്ത് എടുത്ത ദൃശ്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതെന്നും പരീക്ഷാ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ വകുപ്പ് പൂർണ്ണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

View post on Instagram