ഛത്തീസ്ഗഢിലെ കാർഷിക സർവകലാശാലയിൽ നടന്ന ചോദ്യപ്പേപ്പർ ചോർച്ച കേസിൽ പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിലായി. എൻഡോസ്കോപ്പ് ക്യാമറ ഉപയോഗിച്ച് സീൽ ചെയ്ത കവറിൽ ദ്വാരമുണ്ടാക്കി ചോദ്യങ്ങൾ പകർത്തി 11000 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് വിൽക്കുകയായിരുന്നു.
റായ്പൂർ: ഛത്തീസ്ഗഢിൽ കാർഷിക സർവകലാശാല പരീക്ഷാ പേപ്പർ ചോർച്ച കേസിൽ പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. സീൽ ചെയ്ത കവറിൽ ചെറിയ തുള ഉണ്ടാക്കി എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യങ്ങൾ പകർത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. സൂചി ഉപയോഗിച്ച് കവറിൽ ചെറിയ ദ്വാരം ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് 11000 രൂപയ്ക്ക് വിറ്റതായി പൊലീസ് അറിയിച്ചു. കേസിൽ രണ്ട് പേർ ഒളിവിലാണ്.
ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിലെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രൊഫസർക്ക് പുറമെ അഞ്ച് വിദ്യാർഥികളെയും റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 36 മണിക്കൂറിനകമാണ് പൊലീസിന്‍റെ നിർണായക നടപടി. ബി എസ് സി രണ്ടാം വർഷ എൻഡമോളജി പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ ഡിജിറ്റൽ തെളിവുകൾ പിന്തുടർന്ന് പൊലീസിലെ നൂറോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളജിലെ പ്രൊഫസറായ യോഗേഷ് സോൻകേസരിയ ആണ് സംഭവത്തിന് പിന്നിലെ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു വർഷമായി സർവകലാശാലയിൽ നിന്ന് ചോദ്യപ്പേപ്പറുകൾ എത്തിക്കുന്നതും ഉത്തരക്കടലാസുകൾ സമർപ്പിക്കുന്നതും ഈ പ്രൊഫസറായിരുന്നു. ഓഗസ്റ്റ് 17-ന് ചോദ്യപ്പേപ്പർ അടങ്ങിയ സീൽ ചെയ്ത കവർ പ്രൊഫസർ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് എൻഡോസ്കോപ്പി ക്യാമറയും ഉപയോഗിച്ച്, കവറിലെ ഔദ്യോഗിക സീൽ പൊട്ടിക്കാതെ ചെറിയ ദ്വാരമുണ്ടാക്കി ചോദ്യപ്പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ചോദ്യപേപ്പർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സർവകലാശാല പരീക്ഷ റദ്ദാക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പ്രധാന പ്രതിയായ പ്രൊഫസറും അഞ്ച് വിദ്യാർഥികളും നിലവിൽ കസ്റ്റഡിയിലാണ്. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച വരുത്തിയത് എങ്ങനെയെന്ന് പരിശോധിക്കുന്ന പൊലീസ്, കോളേജ് പ്രിൻസിപ്പലിനെയും ഡീനിനെയും ചോദ്യം ചെയ്യും. ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരീക്ഷകളുടെ സുതാര്യതയിലും വിശ്വാസ്യതയിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വിശദമായ അന്വേഷണത്തിനായി സർവകലാശാല അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.
