Asianet News MalayalamAsianet News Malayalam

റഫാൽ: രാഹുലിനും കോൺഗ്രസിനുമെതിരെ ബിജെപി; നാളെ രാജ്യവ്യാപക പ്രതിഷേധം

സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുൽ നടത്തിയ പ്രസ്താവനയിലാണ് പ്രതിഷേധം. 

rafale: bjp nationwide protest against rahul gandhi and congress tomorrow
Author
Delhi, First Published Nov 15, 2019, 2:20 PM IST

ദില്ലി: റഫാൽ വിഷയത്തില്‍ രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ തള്ളിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുൽ നടത്തിയ പ്രസ്താവനയിലാണ് പ്രതിഷേധം. സുപ്രീം കോടതി വിധിക്ക് എതിരായ പരാമർശത്തിൽ രാഹുൽ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട ബിജെപി ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും  നടത്തും.

റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കേണ്ടെന്ന് വ്യക്തമാക്കിയതിനൊപ്പം, കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേസമയം സിബിഐക്ക് കേസെടുക്കാൻ തടസ്സമില്ലെന്ന് മൂന്നംഗ ബെഞ്ചിൽ ജസ്റ്റിസ് കെഎം ജോസഫ് വിയോജന വിധിയെഴുതി. ഇത് ചൂണ്ടിക്കാണിച്ച് രാഹുല്‍ റഫാല്‍ സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ.എം ജോസഫ് വിയോജിച്ച് വിധിയെഴുതിയത് വലിയ അന്വേഷണ സാധ്യതയിലേക്കാണ് വഴിതുറക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. 

റഫാൽ: 'കെഎം ജോസഫ് വിയോജിച്ച് വിധിയെഴുതിയതില്‍ അന്വേഷണ സാധ്യത'; സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി 

ഫ്രാൻസിലെ ഡാസോ ഏവിയേഷൻനിൽ നിന്ന് 56000 കോടി രൂപക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന ഹർജിയാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. അന്വേഷണം വേണമെന്ന ആവശ്യം  കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് സുപ്രീംകോടതി തള്ളി. ഇതിനെതിരെ  യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ പുനപരിശോധന ഹർജികളിലാണ് സുപ്രീം കോടതിയുടെ വിധി.

റഫാൽ ഇടപാടിൽ റിവ്യു ഹര്‍ജി തള്ളി, രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടിയില്ല; പക്ഷെ വിമ‍‍ര്‍ശനം...

കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മൂന്നംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയും ജസ്റ്റിസ് എസ്. എസ് കൗളും  ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. റഫാൽ രാജ്യത്തിന്‍റെ സുരക്ഷക്ക് അനിവാര്യമാണ്. ഹർജിക്കാരുടെ കാഴ്ചപാടിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി പറ‍ഞ്ഞു. മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് കെ.എം.ജോസഫ് പുനപരിശോധന തള്ളിയതിനോട് യോജിച്ചു.  എന്നാൽ  പ്രാഥമിക അന്വേഷണം വേണ്ട ചില  വസ്തുതകൾ കോടതിക്കു മുന്നിലെത്തിയെന്ന് ജസ്റ്റിസ് ജോസഫ് നിരീക്ഷിച്ചു.  എന്നാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള മുൻകൂർ അനുമതി ഹർജിക്കാർ‍ തേടാത്തതിനാൽ സാങ്കേതികമായി ഇതിന് തടസ്സമുണ്ട്. സിബിഐക്ക്  സ്വയം നടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും ജസ്റ്റിസ് കെ.എം.ജോസഫ് വ്യക്തമാക്കി.   

Follow Us:
Download App:
  • android
  • ios