Asianet News MalayalamAsianet News Malayalam

റഫാല്‍ കേസിലും സുപ്രീംകോടതി വിധി നാളെ; രാഹുലിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണിക്കും

റഫാല്‍ കേസ് പുനപരിശോധനയ്ക്ക് തീരുമാനിച്ച ദിവസത്തെ രാഹുൽഗാന്ധിയുടെ  പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലും കോടതി നാളെ വിധി പറയും.  

rafale case supreme court verdict tomorrow
Author
Delhi, First Published Nov 13, 2019, 6:34 PM IST

ദില്ലി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധി പുനപ്പരിശോധിക്കണമെന്ന ഹര്‍ജികള്‍ക്കു പുറമേ, റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന വിധി പുനപരിശോധിക്കണമെന്ന ഹർജിയിലും  സുപ്രീകോടതി നാളെ വിധി പറയും. രാഹുൽ ഗാന്ധി കോടതിയലക്ഷ്യം കാട്ടിയെന്ന  ഹർജിയിലും കോടതിയുടെ വിധി പ്രഖ്യാപനം നാളെയാണ്. 

 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതിൽ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎൽ ശർമ്മ, പ്രശാന്ത് ഭൂഷൺ, അരൂൺ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിമാനത്തിൻറെ വില, നടപടിക്രമങ്ങൾ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹർജി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടൽ നടത്തിയെന്നും ഹർജിക്കാർ ആരോപിച്ചു. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബഞ്ച്,  2018 ഡിസംബറിലാണ് അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാൻ ഹർജിക്കാർക്ക് ആയില്ലെന്ന് വിധിച്ചത്. നടപടിക്രമങ്ങളും കോടതി ശരിവച്ചു. 

എന്നാൽ,  വിധിക്കെതിരെ പുനപരിശോധന ഹർജി നല്കിയ പ്രശാന്ത് ഭൂഷൺ പ്രതിരോധമന്ത്രാലയത്തിൻറെ ചില രേഖകളും ഇതിനൊപ്പം നല്കി. മോഷ്ടിച്ച രേഖകൾ തെളിവായി അംഗീകരിക്കാൻ പാടില്ലെന്ന സർക്കാർ വാദം തള്ളിയ സുപ്രീം കോടതി പുനപരിശോധനയിൽ തുറന്ന കോടതിയിൽ വാദം കേട്ടു. സിഎജി റിപ്പോർട്ട് പാർലമെൻറ് പരിശോധിച്ചു എന്ന വിധിയിലെ പരാമർശം തിരുത്തണമെന്ന് സർക്കാരും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മേയ് 10നാണ് കേസ് വിധി പറയാൻ മാറ്റിവച്ചത്.

റഫാല്‍ കേസ് പുനപരിശോധനയ്ക്ക് തീരുമാനിച്ച ദിവസത്തെ രാഹുൽഗാന്ധിയുടെ  പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലും കോടതി നാളെ വിധി പറയും.   മീനാക്ഷി ലേഖിയാണ്  കോടതിയലക്ഷ്യ ഹർജി നല്‍കിയിരിക്കുന്നത്. കോടതി പറയാത്തതാണ് രാഹുൽ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പ്രസ്താവനയില്‍ രാഹുൽ പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. 


 

Follow Us:
Download App:
  • android
  • ios