Asianet News MalayalamAsianet News Malayalam

റഫാല്‍ കേസ്: കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിച്ചു

ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം.

rafale case union government submitted new affidavit in supreme court
Author
Delhi, First Published May 9, 2019, 4:09 PM IST

ദില്ലി: റഫാല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് വാദിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന് രേഖകളും നല്‍കിയിട്ടുണ്ടെന്നും  കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ സത്യവാങ് മൂലം. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ, ഹര്‍ജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷണ്‍ പുതിയ പരാതി നല്‍കിയിരുന്നു. കേസ് ആദ്യം പരിഗണിച്ച വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. മുഴുവന്‍ രേഖകളും ഹാജരാക്കിയില്ല. കോടതിയില്‍ കള്ളം പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്നാണ് പ്രശാന്ത് ഭൂഷന്‍റെ ആവശ്യം. ഇതിനുള്ള മറുപടിയായാണ് പുതിയ സത്യവാങ്മൂലം നല്‍കിയത്. 

റഫാലുമായി ബന്ധപ്പെട്ട ഒരു രേഖ പോലും കോടതിക്ക് നല്‍കാതിരുന്നിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. തെറ്റായ ഒരു പ്രസ്തവനയും നടത്തിയിട്ടില്ല. കേസ് ആദ്യം പരിഗണിക്കവേ, കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറിയ സാങ്കേതിക പിഴവ് വന്നിട്ടുണ്ട്. റഫാല്‍ ഇടപാട് അംഗീകരിച്ചു കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ടില്‍ പാര്‍ലമെന്‍റില്‍വെച്ചു എന്ന പരമാര്‍ശമാണിത്. അന്ന് യഥാര്‍ഥത്തില്‍ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ എത്തിയിട്ടില്ലായിരുന്നു. ഈ സാങ്കേതിക പിഴവ് അംഗീകരിച്ചാല്‍ തന്നെയും ക്ലീന്‍ ചിറ്റ് നല്‍കിയ  ഉത്തരവിനെ ഒരു തരത്തിലും ബാധിക്കില്ല. വില സംബന്ധിച്ചും തര്‍ക്കമില്ല. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ധാരണയായതിനെക്കാള്‍ 2.89 ശതമാനം വിലകുറച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുനഃപരിശോധന ഹര്‍ജി തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വാദിക്കുന്നു. 

Follow Us:
Download App:
  • android
  • ios