ദില്ലി: റഫാൽ രേഖകൾ മോഷണം പോയെന്ന വാദം സുപ്രീംകോടതിയിൽ വിവാദമായതോടെ പുലിവാല് പിടിച്ച അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നിലപാട് തിരുത്തി. റഫാൽ രേഖകൾ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ അറ്റോർണി ജനറൽ, റഫാൽ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ പുനഃപരിശോധനാഹർജിയിൽ ഉപയോഗിച്ചെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് നിലപാട് മാറ്റി.

''പ്രതിരോധമന്ത്രാലയത്തിലെ രേഖകൾ മോഷണം പോയി എന്ന് സുപ്രീംകോടതിയിൽ വാദിച്ചെന്ന പേരിൽ പ്രതിപക്ഷം വലിയ രാഷ്ട്രീയവിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത് തെറ്റാണ്. രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന വാദം സമ്പൂർണമായും തെറ്റാണ്.'' കെ കെ വേണുഗോപാൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

യഥാർഥ രേഖകളുടെ 'ഫോട്ടോകോപ്പി' പുനഃപരിശോധനാ ഹർജികൾക്കൊപ്പം ഉപയോഗിച്ചെന്നും പ്രതിരോധമന്ത്രാലയത്തിൽ നിന്ന് ഈ രേഖകളുടെ ഫോട്ടോകോപ്പി പുറത്ത് പോയെന്ന് മാത്രമാണ് താനുദ്ദേശിച്ചതെന്നും കെ കെ വേണുഗോപാൽ വ്യക്തമാക്കി. 

റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് മാർച്ച് ആറിന് കേന്ദ്രസർക്കാരിന് വേണ്ടി എജി കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വാദിച്ചത്. ദ് ഹിന്ദു ദിനപത്രത്തിൽ ചീഫ് എഡിറ്റർ എൻ റാം റിപ്പോർട്ട് ചെയ്ത വാർത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാനുള്ള നടപടികൾ തുടങ്ങിയെന്നും കെ കെ വേണുഗോപാൽ പറഞ്ഞു.

പ്രതിരോധമന്ത്രാലയത്തിൽ തന്നെയുള്ള ചിലർക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചു. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തിൽ വന്നത്. ഇതും കുറ്റകരമാണ്. - എന്നും കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. 

എന്നാൽ രൂക്ഷമായ വിമർശനമാണ് ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് എജിയ്ക്ക് കേൾക്കേണ്ടി വന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ പേരിൽ രക്ഷപ്പെടാനാകില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

ഇതിന്‍റെ പേരിൽ പ്രതിപക്ഷം പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു. 

കേസ് ഇനി ഈ മാസം 14-ന് പരിഗണിക്കാനിരിക്കെയാണ് അറ്റോർണി ജനറൽ നിലപാട് തിരുത്തുന്നത്. സാങ്കേതികമായ വാദമുന്നയിച്ചാണ് രേഖകൾ മോഷണം പോയിട്ടില്ലെന്നും ഉദ്ദേശിച്ചത് ഫോട്ടോകോപ്പി പുറത്തു പോയെന്നുമാണെന്ന് എജി പറയുന്നത്.

എന്തായിരുന്നു ദ്‍ ഹിന്ദുവിന്‍റെ റിപ്പോർട്ട്?

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഇതിൽ എതിർപ്പ് അറിയിച്ച പ്രതിരോധ വകുപ്പ് സമാന്തരചർച്ച ഒഴിവാക്കണമെന്ന് അറിയിച്ചു. 2015 നവംബറിൽ വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ, പ്രതിരോധ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ച‌‌ർച്ചകൾ നടന്നത്. ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി ചര്‍ച്ചകളില്‍ പ്രതിനിധീകരിച്ചത്. 

പിന്നീട് 2015 ഒക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ്  പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ്  സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് സ്റ്റീഫന്‍ റെബിന്‍റെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം അറിയാതെയും റഫാല്‍ ഇടപാടിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന വിവരം പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയുന്നത്. 

ജനറല്‍ റബ്ബിന്‍റെ കത്ത് അന്നത്തെ  പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹന്‍കുമാര്‍ കത്തിലൂടെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിരോധ ഇടപാടുകളുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണെന്നിരിക്കേ സമാന്തരചര്‍ച്ചകള്‍ നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് മോഹന്‍കുമാര്‍ പരീക്കര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. 

എന്നാൽ ഇതിനെതിരെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ രംഗത്തു വന്നു. മുൻ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ ഇതിൽ ഒരു മറുപടി നോട്ട് എഴുതിയിരുന്നെന്നും, പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ നിരീക്ഷിക്കുക മാത്രമാണെന്ന് പരീക്കർ എഴുതിയത് മറച്ചു പിടിച്ചാണ് പത്രം വാർത്ത പുറത്തു വിട്ടതെന്നും നിർമലാ സീതാരാമൻ ആരോപിച്ചു.